തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് വന്ന് മത്സരിച്ചാലും തന്നെ തോൽപിക്കാനാവില്ലെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. തിരുവനന്തപുരത്ത് മത്സരിക്കണോ എന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കേണ്ടത്. ഞാൻ തയാറാണ്. പാർട്ടി ആവശ്യപ്പെട്ടാൽ ഞാൻ മത്സരിക്കുമെന്നും തരൂർ പറഞ്ഞു.
എതിരാളി നരേന്ദ്ര മോദി ആയാലും പ്രശ്നമില്ല. ഞാൻ ചെയ്ത സേവനങ്ങൾ ജനങ്ങൾ കണ്ടിട്ടുണ്ട്. എന്‍റെ ഗുണങ്ങളും കഴിവുകളും കഴിവില്ലായ്മയുമെല്ലാം ജനം കണ്ടിട്ടുണ്ട്. അവർക്ക് മതിയായി എന്ന് തോന്നിയാൽ എം.പിയെ മാറ്റാൻ അവർക്ക് അവകാശമുണ്ട്. രാഷ്ട്രീയത്തിൽ വരുമ്പോൾ വിദേശകാര്യ മന്ത്രിയാകുക എന്നത് ആഗ്രഹമായിരുന്നു. ഇനി അത് ജനങ്ങളുടെ കൈയിലാണ്. പാർട്ടി ആവശ്യപ്പെട്ടാൽ നാലാമത്തെ തവണ, അവസാനത്തെ തവണയായിരിക്കും എം.പി ആകുകയെന്നും അദ്ദേഹം പറഞ്ഞു.
ലീഗ് റാലിയിലെ പലസ്തീൻ പരാമർശത്തിൽ തിരുത്തില്ലെന്നും ശശി തരൂർ ന്യൂസിനോട് പറഞ്ഞു. വിവാദങ്ങൾ അനാവശ്യമാണ്, പറഞ്ഞത് പാർട്ടി ലൈനാണ്. ഗാസ വിഷയത്തിൽ എല്ലാ കാലത്തും ഒരേ നിലപാടാണ് എടുത്തത്. ഗാസ പ്രതിസന്ധിയെ കുറിച്ച് തന്നെ ആരും പഠിപ്പിക്കേണ്ട. യുദ്ധം നിർത്തി ജനങ്ങളുടെ പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.