“പലസ്തീനിലെ 4000 കുട്ടികളെ കൊന്നതു പോര”: വൈറ്റ്ഹൌസ് മുൻ ഉദ്യോഗസ്ഥൻ മുസ്ലിം കച്ചവടക്കാരനെ അധിക്ഷേപിക്കുന്ന വിഡിയോകൾ പുറത്ത്

ഒബാമ യുഎസ് പ്രസിഡൻ്റായിരുന്ന കാലത്ത് വൈറ്റ് ഹൗസ് സുരക്ഷാ ഉപദേഷ്ടാവായിരുന്ന സ്റ്റുവർട്ട് സെൽഡോവിറ്റ്സ് ഒരു വഴിയോരക്കച്ചവടക്കാരനെ അധിക്ഷേപിക്കുന്ന വിഡിയോകൾ പുറത്ത്.

ന്യൂയോർക്ക് നഗരത്തിലെ അപ്പർ ഈസ്റ്റ് സൈഡിൽ ഹലാൽ ഭക്ഷണം വണ്ടിയിൽ കൊണ്ടുനടന്നു വിൽക്കുന്ന കച്ചവടക്കാരനോട് നിരവധി തവണ അങ്ങേയറ്റം മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തുന്ന ഞെട്ടിക്കുന്ന വിഡിയോകളാണ് പുറത്തു വന്നിരിക്കുന്നത്. ആ കച്ചവടക്കാരനെ തീവ്രവാദി , ഭീകരൻ എന്നിങ്ങനെ സംബോധന ചെയ്യുന്നുണ്ട്. മാത്രമല്ല ഇസ്രയേൽ യുദ്ധത്തിൽ പലസ്തീൻകാരായ കുഞ്ഞുങ്ങളെ കൊല്ലുന്നത് മതിയായിട്ടില്ല എന്നും സെൽഡോവിറ്റ്സ് തുറന്നടിക്കുന്നുണ്ട്. ഞങ്ങൾ നാലായിരം കുട്ടികളെ കൊന്നു പലസ്തീനിൽ അതു പോരാ.. എന്നാണ് ഒരു വിഡിയോയിൽ പറയുന്നത്. മറ്റൊരു വിഡിയോയിൽ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് സംസാരിക്കുന്നുണ്ട്.

എനിക്ക് ഇംഗ്ളിഷ് അറിയില്ല ഇവിടെനിന്നു പോകൂ എന്നു പറയുന്ന കച്ചവടക്കാരനോട്. “ഞാൻ അമേരിക്കക്കാരനാണ് ഞാൻ എങ്ങോട്ടാണ് പോകേണ്ടത്. നിനക്ക് ഇംഗ്ളിഷ് അറിയില്ല അതുകൊണ്ട് നീ മണ്ടനായിപ്പോയി. നിനക്ക് ഇത്തരം ജോലികൾ ചെയ്യേണ്ടി വന്നു” എന്ന് പറയുന്നുണ്ട്. ഇവിടെ എഴുതാൻ കൊള്ളാത്ത വിധം അങ്ങേയറ്റം വ്യക്തപരവും മുസ്ലിം വിരുദ്ധവുമായ പരാമർശങ്ങൾ വൈറ്റ് ഹൌസിലെ ആ മുൻ ഉന്നത ഉദ്യോഗസ്ഥൻ നടത്തുന്നത് നടുക്കത്തോടെയല്ലാതെ കണ്ടു നിൽക്കാനാവില്ല.

കച്ചവടക്കാരൻ്റെ ഫോട്ടോ മൊബൈലിൽ പകർത്തിയിട്ട് “ഈജിപ്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ എൻ്റെ സുഹൃത്തുണ്ട്. നിൻ്റെ ഫോട്ടോ ഞാൻ അവന് അയച്ചുകൊടുക്കും. നിന്നെ ഇവിടെ നിന്ന് നാടു കടത്തുമ്പോൾ അവൻ നിന്നെ നല്ലപോലെ പീഡിപ്പിച്ചുകൊള്ളും’ എന്നു പറയുന്നത് വിഡിയോയിൽ കേൾക്കാം.

ഏതാണ്ട് രണ്ടാഴ്ചയായി ഈ ഭീഷണികളും അധിക്ഷേപങ്ങളും തുടരുന്നുണ്ട്. കൊളംബിയ സർവകലാശാലയിലെ ഒരു വിദ്യാർഥിയാണ് ഇത് ഷൂട്ട് ചെയ്ത് എക്സിൽ പോസ്റ്റ് ചെയ്തത്. ഈ മനുഷ്യൻ ആരാണ് എന്ന് അറിയില്ലായിരുന്നു. സോഷ്യൽ മീഡിയയിൽ എത്തിയതോടെയാണ് ആളെ മനസ്സിലായത്. വിഡിയോയിലുള്ള ആൾ താൻ തന്നെയാണെന്ന് സെൽഡോവിറ്റ്സ് സമ്മതിച്ചതായി ഡെയ്ലി ബീറ്റ്സ് റിപ്പോർട്ട് ചെയ്തു.ആ കച്ചവടക്കാരൻ ഹമാസിന് അനുകൂലമായി സംസാരിച്ചതുകൊണ്ടാണ് താൻ അങ്ങനെയൊക്കെ പറഞ്ഞത് എന്നും സെൽഡോവിറ്റ്സ് പറഞ്ഞു.

Ex-Obama White House adviser harasses halal cart vendor says killing of 4,000 Palestinian kids ‘wasn’t enough’