ആഡംബര ലാൻഡ് റോവറിന്റെ ഡിഫൻഡർ സ്വന്തമാക്കി നടൻ ഫഹദ് ഫാസിൽ

കൊച്ചി: ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സ്വന്തമാക്കി സൂപ്പര്‍താര ദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറിന്റെ 5.0 ലിറ്റര്‍ വി8 ആഡംബര വാഹനമാണ് ഇവര്‍ സ്വന്തം ഗാരിജിലെത്തിച്ചിരിക്കുന്നത്. ലംബോര്‍ഗിനി ഉറുസും റേഞ്ച് റോവറും ബിഎംഡബ്ല്യു 740ഐയും നേരത്തെ ഫഹദ്- നസ്രിയ ദമ്പതികള്‍ സ്വന്തമാക്കിയിരുന്നു.

ഏതാണ്ട് 2.11 കോടി രൂപയാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ 5.0 ലീറ്റര്‍ പെട്രോള്‍ വി8ന്റെ വില. 5 ഡോര്‍ 3 ഡോര്‍ ബോഡി സ്‌റ്റൈലില്‍ ഇറങ്ങുന്ന ലാന്‍ഡ്‌റോവര്‍ ഡിഫന്‍ഡറിന്റെ 3 ഡോര്‍ പതിപ്പാണ് ഫഹദും നസ്രിയയും വാങ്ങിയിരിക്കുന്നത്. 14.01 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 4997 സിസിയുള്ള വാഹനത്തിന് 4000 ആര്‍.പി.എമ്മില്‍ 296.36bhp കരുത്തും 1500-2500 ആര്‍.പി.എമ്മില്‍ 650Nm ടോര്‍ക്കും പുറത്തെടുക്കാനാവും. നൂറുകിലോമീറ്റര്‍ വേഗതയിലേക്കു കുതിക്കാന്‍ ഡിഫന്‍ഡറിന് എട്ടു സെക്കന്‍ഡ് മതി. പരമാവധി വേഗം 191 കി.മീ.

ആറുപേര്‍ക്ക് സഞ്ചരിക്കാവുന്ന ഈ ഡിഫന്‍ഡര്‍ മോഡലില്‍ 89 ലിറ്ററാണ് ഫ്യുവല്‍ കപ്പാസിറ്റി. 397 ലീറ്ററാണ് വാഹനത്തിന്റെ ബൂട്ട് സ്‌പേസ്. ഓട്ടോമേറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ആന്റി ലോക് ബ്രേക്കിങ് സിസ്റ്റം, പവര്‍ അഡ്ജസ്റ്റബിള്‍ റിയര്‍വ്യൂ മിറര്‍, മുന്നിലും പിന്നിലും ഫോഗ് ലൈറ്റ്, ചൂടും യു.വി കിരണങ്ങളും അകത്തേക്കു കടത്താത്ത വിന്‍ഡ് സ്‌ക്രീന്‍ എന്നിവയും ഈ ആഡംബര വാഹനത്തിലുണ്ട്.

സുരക്ഷയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ഡിഫന്‍ഡറില്‍ ആറ് എയര്‍ബാഗുകളാണ് നല്‍കിയിട്ടുള്ളത്. ഇതിനു പുറമേ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ബ്രേക്ക് അസിസ്റ്റ്, പവര്‍ഡോര്‍ ലോക്ക്, ചൈല്‍ഡ് സേഫ്റ്റി ലോക്‌സ്, ആന്റി തെഫ്റ്റ് അലാം, ടയര്‍പ്രഷര്‍ മോണിറ്റര്‍ ക്രാഷ് സെന്‍സര്‍, ഇലക്ട്രോണിക് സെറ്റെബിലിറ്റി കണ്‍ട്രോള്‍, അമിത വേഗതക്കുള്ള മുന്നറിയിപ്പ്, ഹില്‍ അസിസ്റ്റ് എന്നിവയും ഡിഫന്‍ഡറിലുണ്ട്. എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ ലഭിച്ചിട്ടുള്ള വാഹനമാണ് ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍. വയര്‍ലെസ് ഫോണ്‍ ചാര്‍ജിങ്, യു.എസ്.ബി, ബ്ലൂടൂത്ത് കണക്ടിവിറ്റി, 10 ഇഞ്ച് ടച്ച് സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്‍ക്കൊള്ളുന്ന കണക്ടിവിറ്റി എന്നിങ്ങനെയുള്ള സൗകര്യങ്ങളും ഡിഫന്‍ഡറില്‍ ഒരുക്കിയിട്ടുണ്ട്.

More Stories from this section

family-dental
witywide