യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ്: വ്യാജ കാർഡ് നിർമിച്ചത് എ ഗ്രൂപ്പിനു വേണ്ടി, ഗുരുതര കുറ്റമെന്ന് പൊലീസ് റിപ്പോർട്ട്

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ചത് ‘എ’ ഗ്രൂപ്പിന് വേണ്ടി. കേസിൽ കഴിഞ്ഞദിവസം അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യാജ കാര്‍ഡുകള്‍ നിര്‍മിച്ചത് ‘എ’ ഗ്രൂപ്പ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാനെന്നും ഇതിനായി ഗൂഢാലോചന നടന്നതായും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കാര്‍ഡ് നിര്‍മിച്ചത് അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിമാൻഡ് റിപ്പോർട്ട് കൂടാതെ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം മ്യൂസിയം സ്റ്റേഷനിലെ എസ്എച്ച്ഒ മറ്റൊരു റിപ്പോർട്ട് കൂടി ചീഫ് ജുഡീഷ്യൻ മജിസ്ട്രേട്ട് കോടതിയിൽ സമർപ്പിച്ചു.

രാജ്യത്തിൻ്റെ തിരഞ്ഞെടുപ്പിൻ്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്ന വിധം ഗുരുതര കുറ്റകൃത്യമാണ് ഇവർ ചെയ്തിരിക്കുന്നത് എന്ന് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. കസ്റ്റഡിയിലുളള 4 പ്രതികളെ കൂടാതെ യൂത്ത്കോൺഗ്രസിൻ്റെ പത്തനംതിട്ട ജില്ല വൈസ് പ്രസിഡൻ്റ് രഞ്ജുവിൻ്റെ പേരു കൂടി പരാമർശിക്കുന്നുണ്ട്. വ്യാജ കാർഡ് നിർമിക്കാൻ ഇയാളാണ് പണം നൽകിയത് എന്ന് പിടിയിലായ വികാസ് പൊലീസിനു മൊഴി നർകിയിട്ടുണ്ട്.

അതിനിടെ, വ്യാജ തിരിച്ചറിയല്‍ രേഖ കേസുമായി ബന്ധപ്പെട്ട് അടൂര്‍ യൂത്ത് കോണ്‍ഗ്രസ്സ് ഓഫിസില്‍ പോലീസ് പരിശോധന നടത്തി. ഇന്നലെ രാത്രിയായിരുന്നു പരിശോധന. തിരഞ്ഞെടുപ്പ് രേഖകളും ഇലക്ട്രോണിക് ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തതായി പോലീസ് അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസില്‍ നാലുപേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. അടൂര്‍ സ്വദേശികളായ അഭി വിക്രം, ഫെനി നൈനാന്‍, ബിനില്‍ ബിനു, വികാസ് കൃഷ്ണ എന്നീ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അറസ്റ്റിലായത്.

കേസില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. ഹാജരാകാന്‍ ആവശ്യപ്പെട്ട് രാഹുലിന്‌ ഉടന്‍ നോട്ടീസ് നല്‍കുമെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Fake voter id cards were made for Congress A group

More Stories from this section

family-dental
witywide