
ലോസ് ഏഞ്ചല്‍സ്: പ്രശസ്ത അമേരിക്കന്‍ നടനും 1970 ല്‍ പുറത്തിറങ്ങിയ ലവ് സ്റ്റോറിയിലെ അഭിനയത്തിന് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം നേടിയതുമായ റയാന്‍ ഓ നീല്‍ അന്തരിച്ചു. 82 വയസായിരുന്നു. മകന്‍ പാട്രിക് ഒ നീലാണ് അച്ഛന്റെ മരണ വിവരം എക്‌സിലൂടെ ലോകത്തെ അറിയിച്ചത്.
2001-ല്‍ വിട്ടുമാറാത്ത രക്താര്‍ബുദവും 2012-ല്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറും അദ്ദേഹത്തെ പിടികൂടിയിരുന്നതായാണ് വിവരം.
ലോസ് ഏഞ്ചല്‍സ് സ്വദേശിയായ അദ്ദേഹം 1960-ല്‍ അഭിനയജീവിതം ആരംഭിക്കുന്നതിന് മുമ്പ് ഒരു അമേച്വര്‍ ബോക്സറായി പരിശീലിച്ചു. 1964-ല്‍, എബിസി രാത്രികാല സോപ്പ് ഓപ്പറയായ പെയ്ടണ്‍ പ്ലേസില്‍ റോഡ്നി ഹാരിംഗ്ടണിന്റെ വേഷം ചെയ്തു . ഇത് പെട്ടന്ന് ഹിറ്റാകുകയും ഒനീലിന്റെ കരിയറിനെ ഉയര്‍ത്തുകയും ചെയ്തു. പിന്നീട് അദ്ദേഹം സിനിമകളില്‍ വിജയം കണ്ടെത്തി,
1970 ല്‍ പുറത്തിറങ്ങിയ ‘ലവ് സ്റ്റോറി’യിലെ അദ്ദേഹത്തിന്റെ അഭിനയം എക്കാലത്തും അദ്ദേഹത്തിന് ആരാധകരെ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഈ സിനിമയെ എക്കാലത്തെയും മികച്ച 10 റൊമാന്റിക് ചിത്രങ്ങളില്‍ ഒന്നായി കണക്കാക്കുന്നു.
1970കളിലെ വാട്ട്സ് അപ്പ്, ഡോക്, പേപ്പര്‍ മൂണ്‍, എ ബ്രിഡ്ജ് ടൂ ഫാര്‍ എന്നീ ഹിറ്റുകളിലും അദ്ദേഹം അഭിനയിച്ചു.