ലോകകപ്പ് ഫൈനലിനിടെ സുരക്ഷാ വീഴ്ച; പിച്ചില്‍ കയറി വന്ന് ആരാധകന്‍ കോലിയെ കെട്ടിപ്പിടിച്ചു

അഹമ്മദാബാദ്: ഞായറാഴ്ച ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് ലോകകപ്പ് ഫൈനലിനിടെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വൻ സുരക്ഷാ വീഴ്ച. ഒരു ആരാധകൻ പിച്ച് കടന്നുകയറി വിരാട് കോലിയെ കെട്ടിപ്പിടിച്ചു.

മത്സരത്തിന്റെ 14-ാം ഓവറിനിടെ, ‘ഫ്രീ പലസ്തീൻ’ എന്നെഴുതിയ ടീ-ഷർട്ടും ധരിച്ചാണ് ഒരു ആരാധകൻ പിച്ചിലേക്ക് ഓടിക്കയറിയത്. സ്റ്റേഡിയം സെക്യൂരിറ്റി തടഞ്ഞു നിർത്തുന്നതിനു മുമ്പ് ഇദ്ദേഹം കോഹ്‌ലിയെ കെട്ടിപ്പിടിച്ചു. പലസ്തീനില്‍ ബോംബ് വര്‍ഷിക്കുന്നത് അവസാനിപ്പിക്കുക എന്നും ഇയാളുടെ വസ്ത്രത്തില്‍ എഴുതിയിരുന്നു. ആരാധകനെ വേഗത്തിൽ ഗ്രൗണ്ടിൽ നിന്ന് മാറ്റുകയും ഒട്ടും വൈകാതെ മത്സരം പുനരാരംഭിക്കുകയും ചെയ്തു.

സുരക്ഷാ സേന കസ്റ്റഡിയിലെടുത്ത ഇയാളെ അഹമ്മദാബാദിലെ ചന്ദ്‌ഖേദ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

“എന്റെ പേര് ജോണ്‍, ഞാന്‍ ഓസ്‌ട്രേലിയക്കാരനാണ്. വിരാട് കോലിയെ കാണാനാണ് മൈതാനത്തേക്ക് കയറിയത്. ഞാന്‍ പലസ്തീനെ അനുകൂലിക്കുന്നു,” പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ ഇയാള്‍ പറഞ്ഞു.

More Stories from this section

family-dental
witywide