കല്‍പ്പറ്റ: കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ബിഷപ്പുമാര്‍. താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാനന്തവാടി ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, സുല്‍ത്താന്‍ബത്തേരി ബിഷപ്പ് തോമസ് മാര്‍ തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രക്ഷേഭം സംഘടിപ്പിക്കാനൊരുങ്ങുന്നത്. അധികാരികളുടെ അനാസ്ഥയാണ് തുടര്‍ച്ചയായുള്ള വന്യജീവി ആക്രമണങ്ങള്‍ക്ക് കാരണമെന്നും ശാസ്ത്രീയ പരിഹാരം വേണമെന്നും ആവശ്യപ്പെട്ടാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.
‘ആരും വന്യമൃഗങ്ങള്‍ക്ക് എതിരല്ല. മനുഷ്യന് പ്രാമുഖ്യം വേണം. ഒരുപാട് സംസ്ഥാനങ്ങളില്‍ വന്യമൃഗങ്ങളുണ്ട് എന്നാല്‍ അവിടെ ഇത്രയേറെ പ്രശ്‌നങ്ങളില്ല. ബന്ധപ്പെട്ടവര്‍ പരാജയപ്പെട്ടു എന്നു തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. ഇവിടെ മനുഷ്യര്‍ക്ക് ജീവിക്കാന്‍ സൗകര്യം വേണം. വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം വേണം. മന്ത്രിയുടെ വാഗ്ദാനം നടപ്പായില്ല.
കര്‍ഷകരുടെ വാക്കുകള്‍ സര്‍ക്കാര്‍ മുഖവിലയ്ക്ക് എടുക്കണം. വനാതിര്‍ത്തിയില്‍ വേലി കെട്ടണം. എല്ലാ രാജ്യങ്ങളിലും ഇതാണ് ചെയ്യുന്നത്. എന്തുകൊണ്ട് കേരളത്തില്‍ മാത്രം അത് ചെയ്തു കൂടാ? അതിനുള്ള ഫണ്ടും സംവിധാനങ്ങളും കേരളത്തിലുണ്ട് എന്നാല്‍ ഇവിടെ മനുഷ്യന് വില കല്‍പ്പിക്കുന്നില്ല. കര്‍ഷകരുടേത് ദയനീയ അവസ്ഥയാണ്.’ വയനാട്ടില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്നും താമരശ്ശേരി ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പറഞ്ഞു.