കർഷകന്റെ ആത്മഹത്യ: പിആർഎസ് വായ്പയല്ല സിബിൽ സ്കോറിനെ ബാധിച്ചതെന്ന് മന്ത്രി

തിരുവനന്തപുരം: പിആര്‍എസ് വായ്പയിലെ കുടിശിക അല്ല തകഴിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ സിബില്‍ സ്‌കോറിനെ ബാധിച്ചതെന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍. അനില്‍. 2021-22 കാലയളവില്‍ ഈ കര്‍ഷകനില്‍ നിന്നും സംഭരിച്ച നെല്ലിന്റെ വില പിആര്‍എസ് വായ്പയായി ഫെഡറല്‍ ബാങ്ക് വഴി നല്‍കുകയും സമയബന്ധിതമായി അടച്ചുതീര്‍ക്കുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു.

2022-23 സീസണിലെ ഒന്നാം വിളയായി ഇദ്ദേഹത്തില്‍ നിന്ന് 4896 കിലോ നെല്ല് സംഭരിക്കുകയും നെല്ലിന്റെ വിലയായി 1,38,655 രൂപ കേരള ബാങ്കു വഴി പിആര്‍എസ് വായ്പയായി അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ തിരിച്ചടവിന്റെ സമയപരിധി ആവുന്നതേയുള്ളു.

ഈ വര്‍ഷത്തെ ഒന്നാം വിളയുടെ സംഭരണ വില വിതരണം നാളെ മുതല്‍ ആരംഭിക്കാനിരിക്കുകയാണ്. കര്‍ഷകര്‍ക്ക് എത്രയും വേഗം സംഭരണവില നല്‍കാനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തിവരുന്നു. ഭാവിയിലും നെല്ല് സംഭരണം ഏറ്റവും കാര്യക്ഷമമായി നടത്താനും സംഭരണ വില താമസമില്ലാതെ നല്‍കാനും ആവശ്യമായ തീരുമാനങ്ങള്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.

മുന്‍കാല വായ്പകള്‍ ഒറ്റത്തവണയായി തീര്‍പ്പാക്കുന്ന ഇടപാടുകാരുടെ സിബില്‍ സ്‌കോറിനെ ഇതു ബാധിക്കുകയും ഇത്തരക്കാര്‍ക്ക് പിന്നീട് വായ്പകള്‍ നല്‍കാന്‍ ബാങ്കുകള്‍ വിമുഖത കാണിക്കുകയും ചെയ്യുന്ന സ്ഥിതി നിലനില്‍ക്കുന്നുണ്ട്. ഇപ്പോള്‍ മരണപ്പെട്ട കര്‍ഷകന്റെ വിഷയത്തിലും മുന്പ് എടുത്തിട്ടുള്ള വ്യക്തിഗത വായ്പ ഒറ്റത്തവണ തീര്‍പ്പാക്കിയതിന്റെ പേരില്‍ ബാങ്കുകള്‍ വായ്പ നിഷേധിച്ചതാണ് ആത്മഹത്യയിലേയ്ക്ക് എത്തിച്ചെന്ന വെളിപ്പെടുത്തല്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ പുറത്തുവരേണ്ടതുണ്ടെന്നും അനില്‍ പറഞ്ഞു.

More Stories from this section

family-dental
witywide