വാഷിംഗ്ടണ്‍: 2021 ജനുവരി 6 ന് ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തില്‍ തന്റെ പങ്ക് സംബന്ധിച്ച് ട്രംപ് സിവില്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്ന് യുഎസ് അപ്പീല്‍ കോടതി വിധിച്ചു. കാപിറ്റോള്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ട്രംപിന് ഒഴിവാകാന്‍ കഴിയില്ലെന്നും ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയ സര്‍ക്യൂട്ടിനായുള്ള യുഎസ് കോടതി ഓഫ് അപ്പീല്‍ പാനല്‍ കണ്ടെത്തി. മാര്‍ച്ചില്‍ വിചാരണ ആരംഭിക്കും. വിധിക്കെതിരെ ട്രംപിന് ഫുള്‍ ഡിസി സര്‍ക്യൂട്ടിലോ സുപ്രീം കോടതിയിലോ അപ്പീല്‍ നല്‍കാവുന്നതാണ്.
2020 ലെ തിരഞ്ഞെടുപ്പ് തോല്‍വിയെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ട്രംപ് അനുകൂലികള്‍ കരുതിക്കൂട്ടി നടത്തിയ ആക്രമണ സംഭവങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ട്രംപിനാണെന്ന് ഡെമോക്രാറ്റിക് നിയമനിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നു. ട്രംപിനെതിരെ രണ്ട് ക്യാപിറ്റല്‍ പോലീസ് ഓഫീസര്‍മാരും 11 ഹൗസ് ഡെമോക്രാറ്റുകളും കാലിഫോര്‍ണിയയിലെ പ്രതിനിധി എറിക് സ്വല്‍വെലും കൊണ്ടുവന്ന കേസുകളില്‍ നിന്നാണ് തീരുമാനം. 2024 ലെ തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് ജോ ബൈഡനെ നേരിടാനൊരുങ്ങുന്ന മുന്‍പ്രസിഡന്റിനെ സംബന്ധിച്ച് പ്രധാന വെല്ലുവിളിയാണ് ഈ കേസ്.
കാപിറ്റോള്‍ ആക്രമണം നടത്താന്‍ പ്രസംഗത്തിലൂടെ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചുവെന്നാണ് ട്രംപിനെതിരായ കേസ്. അതേസമയം തിരഞ്ഞെടുപ്പിലെ അട്ടിമറി സംബന്ധിച്ച് താന്‍ നടത്തിയ പ്രസംഗം പൊതുജനങ്ങളുടെ ആശങ്കയുമായി ബന്ധപ്പെട്ടതാണെന്നും അത് തന്റെ ഔദ്യോഗിക ഉത്തരവാദിത്തങ്ങളില്‍ പെട്ടതാണെന്നും ട്രംപ് വാദിച്ചു.