ന്യൂയോര്‍ക്: അമേരിക്കയില്‍ തോക്കുപയോഗിച്ചുള്ള ആത്മഹത്യകള്‍ റെക്കോഡ് നിലയിലെന്ന് റിപ്പോര്‍ട്ട്. സന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ പുറത്തു വിട്ട കണക്കു പ്രകാരം കഴിഞ്ഞ വര്‍ഷം അമേരിക്കയില്‍ തോക്കുപയോഗിച്ചുള്ള ആത്മഹത്യകള്‍ എല്ലാക്കാലത്തേയും കാള്‍ അധികമായിരുന്നു. ഏറ്റവും ഉയര്‍ന്ന നിരക്കാണ് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത്. നവംബര്‍ 30നാണ് സിഡിസി കണക്കുകള്‍ പുറത്തു വിട്ടത്.
1968ന് ശേഷം തോക്കുപയോഗിച്ചുള്ള ഏറ്റവും ഉയര്‍ന്ന ആത്മഹത്യാ നിരക്കാണ് 2022ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2022-ലെ ആത്മഹത്യകളുടെ എണ്ണം 2021-നെ അപേക്ഷിച്ച് 3% കൂടുതലാണ്. 2022ല്‍ 48,183-പേരാണ് ആത്മഹത്യ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന മൊത്തം ആത്മഹത്യകളില്‍ പകുതിയലധികവും സംഭവിച്ചിരിക്കുന്നത് തോക്കുപയോഗിച്ചാണ്. 49,449 ആത്മഹത്യകളാണ് 2022ല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 27,000 ആത്മഹത്യകളും തോക്കുപയോഗിച്ച് ചെയതവയാണ്.
2019-നും 2022-നും ഇടയില്‍ തോക്കുപയോഗിച്ച് ആത്മഹത്യ ചെയ്തവരുടെ എണ്ണത്തില്‍ ഏറ്റവുമധികമുള്ളത് അമേരിക്കന്‍ ഇന്ത്യന്‍ അല്ലെങ്കില്‍ അലാസ്‌ക സ്വദേശികളാണ്. സാമൂഹികമായ ഒറ്റപ്പെടല്‍, ബന്ധങ്ങളുടെ സമ്മര്‍ദ്ദം, ലഹരിവസ്തുക്കളുടെ ഉപയോഗം തുടങ്ങി നിരവധി കാരണങ്ങളാണ് ആത്മഹത്യക്ക് പിന്നിലുള്ളത്. കഴിഞ്ഞ വര്‍ഷം യുഎസിലെ മൊത്തത്തിലുള്ള ആത്മഹത്യാ മരണങ്ങളുടെ കണക്കുകള്‍ സിഡിസി പുറത്തുവിട്ടതിന് തൊട്ടുപിന്നാലെയാണ് തോക്കുപയോഗിച്ചുള്ള ആത്മഹത്യകളുടെ വിവരങ്ങളും പുറത്തുവരുന്നത്.