ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്ത് വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു

പോര്‍ട്ട് ഓഫ് സ്പെയിന്‍: പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം താമസിക്കുന്ന ഹോട്ടലിന് പുറത്തുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഹയാത്ത് റീജന്‍സി ഹോട്ടലിന് പുറത്ത് നടന്ന വെടിവെപ്പില്‍ 47 വയസ്സുള്ള ഒരാളാണ് കൊല്ലപ്പെട്ടത്. ഹോട്ടലിന്റെ പ്രധാന വാതിലിന്റെ തൊട്ടരികിലാണ് കൊലപാതകം നടന്നത്. ഇതേത്തുടര്‍ന്ന് ടീമിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സംഭവത്തിന്റെ വിശദ വിവരങ്ങള്‍ അറിവായിട്ടില്ല. വെടിവെച്ചവരുടേയും കൊല്ലപ്പെട്ടയാളുടേയും കൂടുതല്‍ വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല. ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയില്‍ സമീപ വര്‍ഷങ്ങളില്‍ തോക്കുകള്‍ കൊണ്ടുള്ള കുറ്റകൃത്യം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ലോകത്ത് വലിയ കുറ്റകൃത്യങ്ങളുടെ എണ്ണത്തില്‍ ആറാം സ്ഥാനവും തോക്കുപയോഗിച്ചുള്ള കുറ്റകൃത്യങ്ങളെ തുടര്‍ന്നുള്ള മരണ കണക്കില്‍ 11മത്തെ സ്ഥാനവുമാണ് ട്രിനിഡാഡ് ആന്‍ഡ് ടൊബാഗോയ്ക്കുള്ളത്.

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനായാണ് ഇംഗ്ലണ്ട് ടീം പോര്‍ട്ട് ഓഫ് സ്‌പെയിനില്‍ എത്തിയിരിക്കുന്നത്. വെടിവെപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ ടീമിന് ജാഗ്രതാ നിര്‍്‌ദ്ദേശം നല്‍കിയിട്ടുണ്ട്. ഷെഡ്യൂള്‍ ചെയ്ത രണ്ട് മത്സരങ്ങള്‍, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള ഗോള്‍ഫ് റൗണ്ട്, തിങ്കളാഴ്ച രാവിലെ ഒരു പരിശീലന സെഷന്‍ എന്നിവയ്ക്കല്ലാതെ പുറത്തിറങ്ങരുതെന്നാണ് ടീമംഗങ്ങളോട് സുരക്ഷ ഉദ്യേഗസ്ഥര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

More Stories from this section

family-dental
witywide