ലോക്‌സഭാ സുരക്ഷാ വീഴ്ചയെച്ചൊല്ലി പ്രതിപക്ഷ ബഹളം; 6 മലയാളി എംപിമാർ അടക്കം 15 എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡല്‍ഹി: സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടി പാര്‍ലമെന്റില്‍ പ്രതിഷേധിച്ച 15 പ്രതിപക്ഷ എംപിമാര്‍ക്ക് സസ്‌പെന്‍ഷന്‍. ലോക്‌സഭില്‍ നിന്ന് കോണ്‍ഗ്രസ് എംപിമാരായ ടി . എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍, രമ്യ ഹരിദാസ്, ഡീന്‍ കുര്യാക്കോസ്, ബെന്നി ബെഹനാന്‍, വി കെ ശ്രീകണ്ഠന്‍, എസ്. ജ്യോതിമണി, മുഹമ്മദ് ജാവേദ്, മാണിക്യം ടാഗോര്‍, ഡിഎംകെ എംപിമാരായ കനിമൊഴി, എസ് ആര്‍ പ്രതിഭം, എസ് വെങ്കടേശ്വരന്‍, കെ സുബ്രഹ്‌മണ്യം, സിഎമ്മിന്റെ തമിഴ്‌നാട്ടില്‍ നിന്നുള്ള എം പി പി ആര്‍ നടരാജന്‍ എന്നിവരെയാണ് ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയതത്. രാജ്യസഭയില്‍ നിന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയാനെയും സസ്‌പെന്‍ഡ് ചെയ്തു. ഈ സമ്മേളന കാലയളവ് കഴിയും വരെയാണ് സസ്‌പെന്‍ഷന്‍. പാര്‍ലമെന്റിന്റെ നടപടികള്‍ തടസപ്പെടുത്തിയെന്ന് കാണിച്ചാണ് സസ്‌പെന്‍ഷന്‍.

.പ്രതിപക്ഷ ബഹളം മൂലം സഭ വീണ്ടും നിര്‍ത്തി വച്ചു. സുരക്ഷാ വീഴ്ചയെക്കുറിച്ച് സംസാരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ വരണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധിച്ചത്. രാവിലെ ലോക്‌സഭാ നടപടികള്‍ ആരംഭിച്ചതിന് പിന്നാലെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ചയില്‍ ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചിരുന്നു. സന്ദര്‍ശകപാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയെ പുറത്താക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

അതേസമയം സുരക്ഷാ വീഴ്ചയില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടെന്നായിരുന്നു പ്രതിപക്ഷ ബഹളത്തോടുള്ള സ്പീക്കറുടെ പ്രതികരണം. ലോക്‌സഭയിലെ സുരക്ഷ തന്റെ ഉത്തരവാദിത്തമാണെന്നും സര്‍ക്കാര്‍ ഇടപെടേണ്ട ആവശ്യമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഈ വിഷയം പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്തുവെന്നും വേണമെങ്കില്‍ ഇനിയും ചര്‍ച്ച നടത്തുമെന്നും സ്പീക്കര്‍ പറഞ്ഞു. സ്പീക്കര്‍ നിലപാട് വിശദീകരിച്ച സാഹചര്യത്തില്‍ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നാണ് ഭരണപക്ഷ നിലപാട്. സ്പീക്കര്‍ അന്വേഷണത്തിന് ഉത്തരവിട്ടതിനാല്‍ ബഹളത്തിന്റെ ആവശ്യമില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

More Stories from this section

family-dental
witywide