ചെന്നൈ: കനത്ത മഴയെത്തുടര്‍ന്ന് തമിഴ്നാട്ടിലെ തെക്കന്‍ ജില്ലകളിലെ ജനജീവിതം താറുമാറായി. തൂത്തുക്കുടി ജില്ലയില്‍ മഴക്കെടുതിയില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
സംസ്ഥാനത്തെ തിരുനെല്‍വേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായി. രക്ഷാപ്രവര്‍ത്തനത്തിനും ഭക്ഷണം വ്യോമമാര്‍ഗ്ഗം എത്തിക്കുന്നതിനും സംസ്ഥാനം വ്യോമസേനയോട് സഹായം അഭ്യര്‍ത്ഥിച്ചു.
പുലര്‍ച്ചെ 1.30 വരെയുള്ള 15 മണിക്കൂറില്‍ 60 സെന്റീമീറ്റര്‍ മഴയാണ് തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരില്‍ പെയ്തത്. തിരുനെല്‍വേലി ജില്ലയിലെ പാളയംകോട്ടയില്‍ 26 സെ.മീ. അതേസമയം കന്യാകുമാരിയില്‍ 17.3 സെന്റീമീറ്റര്‍ മഴ പെയ്തു.
കനത്ത മഴയെ തുടര്‍ന്ന് ദുരിതബാധിത ജില്ലകളില്‍ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സ്‌കൂളുകള്‍, കോളേജുകള്‍, ബാങ്കുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവ അടച്ചിടും.
പാപനാശം, പെരുഞ്ഞാണി, പേച്ചുപാറ അണക്കെട്ടുകളില്‍ നിന്ന് വെള്ളം തുറന്നുവിടുന്നതിനാല്‍ തിരുനെല്‍വേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിലെ പല ഇടങ്ങളിലും മുട്ടുമുതല്‍ അരയോളം വരെ വെള്ളത്തിനടിയിലായി. താമരപരണി നദി കരകവിഞ്ഞൊഴുകുകയാണ്. അണക്കെട്ടുകളിലെ ജലത്തിന്റെ ശരിയായ മാനേജ്‌മെന്റ് ഉറപ്പാക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഇന്നും ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) മുന്നറിയിപ്പ് നല്‍കി. കൊമോറിന്‍ മേഖലയില്‍ ചുഴലിക്കാറ്റ് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുന്നു.
ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മന്ത്രിമാരെയും മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഇന്ന് വിന്യസിച്ചു. കൂടാതെ ദുരിതബാധിത ജില്ലകള്‍ നിരീക്ഷിക്കാന്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെയും നിയോഗിച്ചിട്ടുണ്ട്. ദുരിതാശ്വാസ കേന്ദ്രങ്ങളും ബോട്ടുകളും ദുര്‍ബ്ബല പ്രദേശങ്ങളില്‍ തയ്യാറാക്കി സൂക്ഷിക്കാനും ആവശ്യമെങ്കില്‍ ആളുകളെ നേരത്തെ ഒഴിപ്പിക്കാനും സ്റ്റാലിന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
50 അംഗങ്ങള്‍ വീതമുള്ള രണ്ട് ദേശീയ ദുരന്തനിവാരണ സേന (എന്‍ഡിആര്‍എഫ്) ടീമുകള്‍ തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലകളിലേക്കും മൂന്ന് സംസ്ഥാന ദുരന്തനിവാരണ സേന (എസ്ഡിആര്‍എഫ്) ടീമുകളെ കന്യാകുമാരി ജില്ലയിലും വിന്യസിച്ചിട്ടുണ്ട്. തൂത്തുക്കുടി, സമീപ പട്ടണങ്ങളായ ശ്രീവൈകുണ്ഡം, കായല്‍പട്ടണം തുടങ്ങിയ പ്രദേശങ്ങളിലേക്കും കൂടുതല്‍ ബോട്ടുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. 7500 പേരെ 84 ദുരിതാശ്വാസ ക്യാമ്പുകളിലായി പാര്‍പ്പിച്ചിട്ടുണ്ട്. കോമണ്‍ അലേര്‍ട്ട് പ്രോട്ടോക്കോള്‍ വഴി 62 ലക്ഷം പേര്‍ക്ക് എസ്എംഎസ് അലേര്‍ട്ടുകള്‍ അയച്ചു.
കൂടാതെ, 4,000 പോലീസുകാരെ ദുരിതബാധിത ജില്ലകളില്‍ വിന്യസിച്ചിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ക്ക് കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശമുണ്ട്.
ഈ മാസം 3, 4 തീയതികളില്‍ മിഷോങ് ചുഴലിക്കാറ്റ് തമിഴ്‌നാടിന് വിതച്ച നാശത്തില്‍ നിന്നും കരകയറുന്നതിനിടെയാണ് തെക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കം രൂക്ഷമായത്.