ഷിംല: ഹിമാചലിലും ഉത്തരാഖണ്ഡിലും തുടരുന്ന കനത്ത മഴയില്‍ 16 പേര്‍ മരിച്ചു. ഒരുപാട് ആളുകളെ കാണാതായി. ഒരു കോളജ് കെട്ടിടമുള്‍പ്പെടെ ഒട്ടേറെ കെട്ടിടങ്ങളും മഴ വെള്ളത്തില്‍ ഒലിച്ചുപോയി. ഷിംല നഗരത്തോട് ചേര്‍ന്നുള്ള സമ്മര്‍ഹില്‍സിലെ ക്ഷേത്രപരിസരത്തുണ്ടായ മലയിടിച്ചിലില്‍ 9 പേര്‍ കൊല്ലപ്പെട്ടു. ഇരുപതോളം ആളുകള്‍ മണ്ണിനടിയില്‍പെട്ടതായി സംശയിക്കുന്നു. സോളന്‍ ജില്ലയില്‍ കഴിഞ്ഞ രാത്രിയുണ്ടായ മേഘ സ്ഫോടനത്തില്‍ 7 പേര്‍ മരിച്ചു. നിരവധി വീടുകള്‍ മണ്ണിനും ചെളിക്കും അടിയിലാണ്.
ഉത്തരാഖണ്ഡിലും മഴ കനക്കുകയാണ്. ഡെറാഡൂണ്‍, നൈനിറ്റാള്‍ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡെറാഡൂണിലുള്ള ഡൂണ്‍ ഡിഫന്‍സ് കോളജിന്റെ ഒരു കെട്ടിടം തകര്‍ന്ന് വീണ് തൊട്ടടുത്ത നദിയിലൂടെ ഒലിച്ചുപോയി. പല ദേശീയപാതകളിലേയും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്.
ദുരന്തബാധിതരുടെ കുടുംബങ്ങള്‍ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുമെന്നും മരണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ഹിമാചല്‍ മുഖ്യമന്ത്രി സുഖ് വിന്ദര്‍ സുഖു വ്യക്തമാക്കി. മേഘവിസ്‌ഫോടനത്തില്‍ ഏഴു പേരുടെ ജീവന്‍ നഷ്ടമായത് അത്യന്തം ഖേദകരമാണ്. അവരുടെ കുടുംബങ്ങള്‍ക്ക് ലഭ്യമാകാവുന്ന എല്ലാ സഹായങ്ങളും നല്‍കും. അവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു.
കനത്തമഴ തുടരുന്നതിനാല്‍ ഹിമാചലിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.