ഫ്ളോറിഡ: നഴ്‌സിനെ ചുറ്റികകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ കേസിൽ തടവുകാരനായ ജെയിംസ് ഫിലിപ്പ് ബാൺസിന്റെ വധശിക്ഷ നടപ്പാക്കി. 16 വർഷത്തെ ജയിൽ വാസത്തിനു ശേഷമാണ് വ്യാഴാഴ്ച രാത്രി ജെയിംസ് ഫിലിപ്പ് ബാൺസിന്റെ (61) വധശിക്ഷ റെയ്‌ഫോർഡിലെ ഫ്‌ളോറിഡ സ്റ്റേറ്റ് ജയിലിൽ വച്ച് നടപ്പാക്കിയത്. മാരകമായ വിഷ മിശ്രിതം സിരകളിലേക്ക് കടത്തിവിട്ടാണ് വധശിക്ഷ നടപ്പാക്കിയത്.
1988ൽ മെൽബണിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 1997-ൽ തന്റെ ഭാര്യ ലിൻഡ ബാർണസിനെ കഴുത്തുഞ്ഞെരിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ് അനുഭവിക്കുന്നതിനിടയിലാണ് ജെയിംസ് നഴ്സിനെ കൊലപ്പെടുത്തിയ കാര്യം വെളിപ്പെടുത്തിയത്. മെൽബണിലെ നഴ്‌സ് പട്രീഷ്യ പാറ്റ്‌സി മില്ലറെ അവരുടെ വീടിനുള്ളിൽ വച്ച് കൊലപ്പെടുത്തിയതായി 2005ൽ ഒരു സ്റ്റേറ്റ് പ്രോസിക്യൂട്ടർക്ക് എഴുതിയ കത്തിലാണ് ജെയിംസ് വെളിപ്പെടുത്തിയത്.
മില്ലറെ ബലാത്സംഗം ചെയ്യുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയും പിന്നീട് ചുറ്റികകൊണ്ട് അടിക്കുകയും ചെയ്തതായി ജെയിംസ് ഫിലിപ്പ് സമ്മതിച്ചു. 2007 ൽ ജെയിംസ് ഫിലിപ്പ് കുറ്റസമ്മതം നടത്തിയതിന് ശേഷം ജൂറി വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു.
ശിക്ഷ സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് ജെയിംസ് അടുത്തിടെ എല്ലാ നിയമ അപ്പീലുകളും നിരസിച്ചു. ഈ വർഷം ഫ്ലോറിഡയിൽ വധ ശിക്ഷയ്ക്കു വിധേയനാക്കപ്പെടുന്ന അഞ്ചാമത്തെ വ്യക്തിയാണ് ജെയിംസ് ഫിലിപ്പ് ബാൺസ്.