ആദിവാസികളെയല്ല, അവരുടെ കലകളാണ് പ്രദര്‍ശിപ്പിച്ചത്; ഈ കലകള്‍ ഇങ്ങനെയല്ലാതെ ഏത് വേഷത്തില്‍ അവതരിപ്പിക്കുമെന്ന് ഫോക്ലോര്‍ അക്കാദമി

തിരുവനന്തപുരം: കേരളീയം പരിപാടിയില്‍ ആദിവാസികളെ പ്രദര്‍ശന വസ്തുക്കളാക്കിയെന്ന് ആരോപണത്തില്‍ വിശദീകരണവുമായി ഫോക് ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒഎസ് ഉണ്ണികൃഷ്ണന്‍. കേരള ഫോക് ലോര്‍ അക്കാദമി ആദിവാസികളെയല്ല, ആദിവാസി കലകളാണ് പ്രദര്‍ശിപ്പിച്ചത്. അഞ്ച് ആദിവാസി ഗോത്രകലകളുടെയും അനുഷ്ഠാനകലകളുടെ അവതരണമാണ് അവിടെ നടന്നതെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

ആദിവാസികള്‍ ഇന്ന് ഇത്തരം കുടിലുകളില്‍ അല്ല സാധാരണ വീടുകളിലാണ് ജീവിക്കുന്നത്. അവര്‍ ധരിക്കുന്നത് മറ്റ് എല്ലാവരും ധരിക്കുന്നതുപോലെ സാധാരണ വേഷങ്ങളാണ്. കേരളം അത്രമാത്രം സാമൂഹികമായ വികാസം പ്രാപിച്ചതാണ് അതിനുകാരണം. അവര്‍ അവരുടെ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് വംശീയ വേഷം ധരിക്കുന്നത്. ഒരു ജനതയുടെ യഥാര്‍ഥ ചരിത്രത്തിന്റെ പുനരാഖ്യാനാമാണ് അവിടെ നടന്നത്. ആദിമത്തില്‍ അവര്‍ കാഴ്ച വസ്തുക്കളല്ല.

ഈ നാടിന്റെ ചരിത്രവും സംസ്‌കാരവും വളര്‍ന്ന വഴി കൃത്യമായി അടയാളപ്പെടുത്തുക, പുതിയ തലമുറയ്ക്ക് പകര്‍ന്നുകൊടുക്കുക എന്ന സദുദ്ദേശ്യം മാത്രമാണ് അക്കാദമിക്ക് ഉണ്ടായിരുന്നത്. മുഖത്ത് പെയിന്റ് അടിച്ചെന്നും മറ്റും പ്രചരിപ്പിക്കുന്നവരോട് ഒരു ചോദ്യം മാത്രം ഈ കലകള്‍ ഇങ്ങനെയല്ലാതെ ഏത് വേഷത്തില്‍ അവതരിപ്പിച്ചാണ് നിങ്ങള്‍ കണ്ടിട്ടുള്ളത്? ഇന്ന് ഒരു ദിവസം കൂടി കേരളീയം പരിപാടി ഉണ്ട്. ദയവായി വിമര്‍ശകര്‍ ആദിമത്തില്‍ എത്തുക, അവിടെയെന്ത് തെറ്റാണ് സംഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാല്‍ ഞങ്ങള്‍ തിരുത്താന്‍ തയ്യാറാണ്. കാര്യമറിയാതെ വിമര്‍ശിച്ച് കേരളീയത്തിന്റെ ശോഭ കെടുത്തരതെന്നും ഒഎസ് ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

അതേസമയം പരിപാടി നടക്കുന്ന സമയത്ത് മാത്രം പാരമ്പര്യ വേഷം ധരിക്കാനും അല്ലാത്തപ്പോള്‍ സാധാരണ വേഷം ധരിക്കാനും കലാകാരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഒഎസ് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി. ആദിവാസി കലാകാരന്മാര്‍ മുഴുവന്‍ സമയവും അതേ വേഷത്തില്‍ തന്നെ നില്‍ക്കുന്നതിനെത്തുടര്‍ന്നാണ് അവരെ പ്രദര്‍ശന വസ്തുവാക്കുന്നുവെന്ന ആരോപണമുയര്‍ന്നതെന്ന് തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നാണ് അവര്‍ക്ക് പരിപാടി ഉള്ളപ്പോള്‍ മാത്രം ഗോത്ര വേഷം ധരിച്ചാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ കാത്തിരുന്നവര്‍ അവസരം ഉപയോഗിക്കുകയാണെന്നും ഒഎസ് ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

https://www.facebook.com/osunnikrishnan1/videos/354126037145266

More Stories from this section

family-dental
witywide