അയോവ സ്റ്റേറ്റ് ക്യാപിറ്റലില്‍ സ്ഥാപിച്ച സാത്താന്റെ പ്രതിമ തകര്‍ത്തു; മുന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

അയോവ: സാത്താനിക് ടെമ്പിള്‍ അയോവ സ്റ്റേറ്റ് ക്യാപ്പിറ്റലില്‍ സ്ഥാപിച്ച സാത്താന്‍ വിഗ്രഹത്തിന്റെ തല തകര്‍ത്ത കുറ്റത്തിന് മിസിസിപ്പിയില്‍ നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മൈക്കല്‍ കാസിഡി അറസ്റ്റിലായി. പ്രതിമ തകര്‍ത്തതിനെക്കുറിച്ച്, ഇത്തരമൊരു ദൈവദൂഷണ പ്രതിമ കണ്ട് താന്‍ പ്രകോപിതനായെന്നും തന്റെ മനസാക്ഷി ദൈവവചനത്തിലാണ് ബന്ദിയാക്കപ്പെട്ടിരിക്കുന്നത് സാത്താനിലല്ല എന്നും കാസിഡി പ്രതികരിച്ചു.

അയോവ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് പബ്ലിക് സേഫ്റ്റി റിപ്പോര്‍ട്ട് പ്രകാരം 35 കാരനായ കാസിഡിക്കെതിരെ നാലാം ഡിഗ്രി ക്രിമിനല്‍ കുറ്റം ചുമത്തി. കുറ്റം തെളിഞ്ഞാല്‍ ഒരു വര്‍ഷം തടവും 2,560 ഡോളര്‍ പിഴയും ശിക്ഷ ലഭിക്കും. പൊതുസ്ഥലങ്ങളില്‍ മതപരമായ അടയാളങ്ങള്‍ പാടില്ലായെന്ന് വാദിക്കുന്ന സംഘടനയാണ് സാത്താനിക് ടെമ്പിള്‍. ക്രിസ്തീയ വിശ്വാസത്തെ പരിഹസിച്ചും ക്രിസ്തീയ പ്രതീകങ്ങളെ അവഹേളിച്ചും പൈശാചികമായ നിരവധി പരിപാടികള്‍ നടത്തിയിട്ടുള്ള സംഘടനയാണ് സാത്താനിക് ടെമ്പിള്‍.

അതേസമയം കാസിഡിക്കായി നിരവധി പേര്‍ ചേര്‍ന്ന് ഫണ്ട് സമാഹരണം തുടങ്ങിയിട്ടുണ്ട്. ഈ രാജ്യത്തിലെ ദശലക്ഷക്കണക്കിന് ക്രിസ്ത്യാനികളില്‍, കാസിഡിയാണ് ആദ്യമായി ധീരതയിലും ബോധ്യത്തിലും പ്രവര്‍ത്തിച്ചതെന്നും ദൈവത്തെ നിന്ദിക്കുന്നത് കാണാന്‍ അവന്‍ തയ്യാറായില്ലെന്നു ഫണ്ട് സമാഹരണത്തിന്റെ കുറിപ്പില്‍ പറയുന്നു. നവംബറില്‍ മിസിസിപ്പി സ്റ്റേറ്റ് ഹൗസ് ഡിസ്ട്രിക്റ്റ് 45 ല്‍ ഡെമോക്രാറ്റ് കീത്ത് ജാക്സണിനോട് പരാജയപ്പെട്ട റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയാണ് കാസിഡി.

Former congressional candidate charged with vandalizing Satanic Temple display at Iowa Capitol