നിയമോപദേശം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസ്; പിജി മനുവിന് മുന്‍കൂര്‍ ജാമ്യമില്ല

കൊച്ചി: നിയമോപദേശം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. അഭിഭാഷകനെന്ന ആനുകൂല്യം നല്‍കാനാവില്ലെന്ന് കഴിഞ്ഞ തവണ ജാമ്യാപേക്ഷ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞിരുന്നു. പി ജി മനുവിന് മജിസ്ട്രേറ്റിന് മുന്നില്‍ ജാമ്യാപേക്ഷ നല്‍കാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി പത്ത് ദിവസത്തനകം കീഴടങ്ങണമെന്നും ഉത്തരവിട്ടു.

2018ല്‍ നടന്ന പീഡന കേസില്‍ ഇരയായ യുവതി പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശത്തിനായി അഭിഭാഷകനായ പി ജി മനുവിനെ സമീപിക്കുന്നത്. നിയമസഹായം നല്‍കാന്‍ എന്ന പേരില്‍ യുവതിയെ മനുവിന്റെ കടവന്ത്രയിലെ ഓഫീസില്‍ വിളിച്ചുവരുത്തി ബലമായി പീഡിപ്പിച്ചെന്നാണ് പരാതി.

ബലമായി പീഡിപ്പിച്ചശേഷം സ്വകാര്യ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു. ബലാത്സംഗം ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ചോറ്റാനിക്കര പൊലീസ് മുന്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി ജി മനുവിനെതിരെ കേസെടുത്തത്. ഐടി ആക്ട് അടക്കമുള്ള വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

അതേസമയം പരാതി വ്യാജമാണെന്നും തൊഴിലിടത്തെ ശത്രുതയാണ് യുവതിയുടെ പരാതിക്ക് പിന്നിലെന്നുമാണ് പിജി മനുവിന്റെ ആരോപണം. വ്യാജ മൊഴിയാണ് പരാതിക്കാരി നല്‍കിയതെന്നും തൊഴില്‍ രംഗത്തുള്ള ശത്രുക്കളാണ് ഇതിന്റെ പിന്നിലെന്നും ഹര്‍ജിയില്‍ പി ജി മനു ആരോപിച്ചിരുന്നു. കേസിനെ തുടര്‍ന്ന് പി ജി മനുവില്‍ നിന്ന് ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനത്ത് നിന്നും രാജി എഴുതി വാങ്ങിയിരുന്നു.

More Stories from this section

family-dental
witywide