
അരിസോണ: ജോര്‍ജ്ജ് ഫ്‌ലോയിഡിനെ കഴുത്തില്‍ കാലമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്ന മുന്‍ പോലീസ് ഓഫീസര്‍ ഡെറക് ഷോവിന് കുത്തേറ്റു. അരിസോണയിലെ ഫെഡറല്‍ ജയിലില്‍ കഴിയുന്ന ഡെറക് ഷോവിനെ മറ്റൊരു തടവുകാരനാണ് കുത്തിയത്. മാരകമായി പരുക്കേറ്റ ഡെറകിന് പ്രാഥമിക ചികിത്സ നല്‍കിയതിനു ശേഷം വിദഗ്ദ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായി ബ്യൂറോ ഓഫ് പ്രിസണ്‍സ് സ്ഥിരീകരിച്ചു.
സുരക്ഷാ വീഴ്ചകളും ജീവനക്കാരുടെ കുറവും മൂലം ബുദ്ധിമുട്ടുന്ന ഇടത്തരം ജയിലായ ട്യൂസണിലെ ഫെഡറല്‍ കറക്ഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനിലാണ് ആക്രമണം നടന്നത്. ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. മറ്റ് ജീവനക്കാര്‍ക്ക് പരുക്കേറ്റിട്ടില്ലെന്നും എഫ്ബിഐയെ വിവരം അറിയിച്ചിട്ടുണ്ടെന്നും ബ്യൂറോ ഓഫ് പ്രിസണ്‍സ് അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് 380 ഓളം അന്തേവാസികളുള്ള ജയിലില്‍ പുറത്തു നിന്നുള്ള സന്ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ഒരു ഫെഡറല്‍ തടവുകാരന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്. ജൂലൈയില്‍, തടവില്‍ കഴിയുകയായിരുന്ന ഡോക്ടര്‍ ലാറി നാസറിനെ ഫ്‌ലോറിഡയിലെ ഒരു ഫെഡറല്‍ പെനിറ്റന്‍ഷ്യറിയില്‍ സഹതടവുകാരന്‍ കുത്തിക്കൊന്നിരുന്നു. ജോര്‍ജ് ഫ്‌ലോയിഡ് വധക്കേസില്‍ ഫ്‌ലോയിഡിന്റെ പൗരാവകാശങ്ങള്‍ ലംഘിച്ചതിന് 21 വര്‍ഷത്തെ ഫെഡറല്‍ തടവും രണ്ടാം ഡിഗ്രി കൊലപാതകത്തിന് 22 വര്‍ഷത്തെ സ്റ്റേറ്റ് തടവുമാണ് ഡെറക് ഷോവിന് വിധിച്ചിരിക്കുന്നത്.
2022 ഓഗസ്റ്റിലാണ് 47 കഹരനഹയ ചൗവിനെ മിനസോട്ട സ്റ്റേറ്റ് ജയിലില്‍ നിന്ന് ട്യൂസണിലേക്ക് അയച്ചത്. മിനസോട്ടയില്‍, ചൗവിനെ ഏകാന്തതടവിലാണ് പാര്‍പ്പിച്ചിരുന്നത്. കേസില്‍ ഡെറക് സമര്‍പ്പിച്ച അപ്പീല്‍ കഴിഞ്ഞയാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു. വെള്ളക്കാരനായ ചൗവിന്‍, കറുത്ത വര്‍ഗക്കാരനായ ഫ്ളോയിഡിനെ അറസ്റ്റിനിടെ ഒമ്പത് മിനിറ്റിലധികം നേരം കൈവിലങ്ങിട്ട് ഫ്ളോയിഡിന്റെ കഴുത്തില്‍ മുട്ടുകുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.