ഫോര്‍ട്ട് വര്‍ത്ത്: താങ്ക്‌സ്ഗിവിംഗ് ഡേയുടെ തലേദിവസം രാത്രി ടെക്‌സാസില്‍ ഉണ്ടായ വാഹനാപകടത്തില്‍ ഫോര്‍ട്ട് വര്‍ത്തിലെ മക്ലറോയ് ആന്‍ഡ് ഫാള്‍സ് കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ സിഇഒ സാക് മക്ലെറോയും മക്കളായ ജഡ്സണും ലിന്‍ഡ്സെയും മരിച്ചു. പന്ത്രണ്ടും ഒന്‍പതും വയസ്സ് പ്രായമുള്ളവരാണ് മരിച്ച കുട്ടികള്‍. സിഇഒയുടേയും കുട്ടികളുടേയും മരണം കമ്പനിയുടെയും മക്ലറോയിയുടെ പാസ്റ്ററായ റസ് പീറ്റര്‍മാന്റെയും പ്രസ്താവനയിലൂടെയാണ് പുറത്തറിഞ്ഞത്.
ബുധനാഴ്ച രാത്രി ജോണ്‍സണ്‍ സിറ്റിക്കടുത്തുണ്ടായ വാഹനാപകടത്തിലാണ് മക്ലറോയും മക്കളും കൊല്ലപ്പെട്ടത്. മരണം സ്ഥിരീകരിച്ചതായി ഫോര്‍ട്ട് വര്‍ത്തിലെ യൂണിവേഴ്‌സിറ്റി ക്രിസ്ത്യന്‍ ചര്‍ച്ചിലെ സീനിയര്‍ പാസ്റ്റര്‍ പീറ്റര്‍മാന്‍ പ്രസ്താവനയില്‍ അറിയിച്ചു. കാറില്‍ കൂടെയുണ്ടായിരുന്ന മക്ലെറോയിയുടെ ഭാര്യ ലോറന്‍ അപകടനില തരണം ചെയ്തു. ഇവരെ ഗുരുതരാവസ്ഥയില്‍ ഓസ്റ്റിന്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
എങ്ങനെയാണ് അപകടമുണ്ടായത് എന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബ്ലാങ്കോ കൗണ്ടിയിലെ മാര്‍ബിള്‍ വെള്ളച്ചാട്ടത്തിനും ജോണ്‍സണ്‍ സിറ്റിക്കും ഇടയിലുള്ള റൗണ്ട് മൗണ്ടനില്‍ ബുധനാഴ്ച വൈകിട്ട് 6.40ഓടെയാണ് അപകടമുണ്ടായത്.