
ദുബായ്: ദുബായിലെത്തിയ ചരക്കു കപ്പലില്‍ നിന്ന് പതിനാല് ടണ്‍ ലഹരിമരുന്ന് പിടിച്ചെടുത്ത സ്‌പെഷ്യല്‍ ഓപ്പറേഷന്‍, ഓപറേഷന്‍ സ്റ്റോമിന്റെ വിശദാംശങ്ങള്‍ ഡോക്യുമെന്ററി രൂപത്തില്‍ പുറത്തുവിട്ട് ദുബായ് പൊലീസ്. കഴിഞ്ഞ ആഴ്ച ദുബായിലെത്തിയ ചരക്ക് കപ്പലിലെ അഞ്ച് കണ്ടെയനറുകളിലായി 14 ടണ്ണോളം ലഹരി മരുന്നാണ് പൊലീസ് പിടിച്ചെടുത്തത്. 13.76 ടണ്‍ നിരോധിക്കപ്പെട്ട കാപ്റ്റഗണ്‍ ഗുളികകളാണ് കടത്താന്‍ ശ്രമിച്ചത്. ഇതിന് ഏകദേശം 3.77 കോടി ദിര്‍ഹം മൂല്യമുണ്ട്.
കപ്പലില്‍ ലഹരിമരുന്ന് വരുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ദുബായ് പോലീസ് ഓപറേഷന്‍ സ്റ്റോമിന്റെ പ്ലാന്‍ തയ്യാറാക്കിയത്. കപ്പലില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ ഒന്നും കണ്ടെത്തിയിരുന്നില്ല. പിന്നീട് നടത്തിയ എക്‌സ്‌റെ സ്‌കാനിലാണ് ഫര്‍ണിച്ചറുകള്‍ക്കുള്ളില്‍ തിരിച്ചറിയാനാകാത്ത വസ്തുക്കളുണ്ടെന്ന് കണ്ടെത്തിയത്. ഡോഗ് സ്‌ക്വാഡ് എത്തി ലഹരി മരുന്നിന്റെ സാന്നിധ്യം സ്ഥിരീകരിക്കുകയും ചെയ്തു. വാതിലുകളിലും ഫര്‍ണിച്ചര്‍ പാനലുകളിലും നിരനിരയായി അടുക്കിയാണ് ഗുളികള്‍ ഒളിപ്പിച്ചിരുന്നത്. 651 വാതിലുകള്‍ക്കും 432 അലങ്കാരപാനലുകള്‍ക്കും ഉള്ളിലാണ് ലഹരിമരുന്നുണ്ടായിരുന്നത്.
ദിവസങ്ങളെടുത്താണ് ഫര്‍ണിച്ചറുകളില്‍നിന്ന് 860 ലക്ഷം ഗുളികകള്‍ വേര്‍തിരിച്ച് എടുത്തത്. ലഹരിക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനായി പോലീസ് കണ്ടെയനറുകള്‍ തുറമുഖത്തേക്ക് തിരിച്ചയച്ചു. മൂന്നു കണ്ടെയനറുകളുടെ ക്ലിയറിന്‍സിന് അപേക്ഷിച്ച പ്രതികളില്‍ ഒരാളെ ആദ്യം അറസ്റ്റ് ചെയ്തു. രണ്ട് കണ്ടെയനറുകളെ പിന്തുടര്‍ന്ന് അത് കൈപ്പറ്റിയ ആളെയും പിടികൂടി. മറ്റൊരു എമിറേറ്റിലെ ഗോഡൗണില്‍ നിന്ന് മൂന്നാമനെയും കസ്റ്റഡിയിലെടുത്തു. ബാക്കിയുള്ള കണ്ടെയ്‌നറുകള്‍ നീക്കം ചെയ്യാനെത്തിയപ്പോഴാണ് മറ്റുള്ളവര്‍ പിടിയിലായത്.