ഫാ. ഡേവിസ് ചിറമ്മേൽ ഹയാത്തിൻ്റെ പുതിയ ബ്രാൻഡ് ചാമ്പ്യൻ ; ഗ്രീൻലൈഫ് ക്യാംപെയ്ന് ഉടൻ തുടക്കം

ഒരാൾക്ക് നൽകാൻ കഴിയുന്ന ഏറ്റവും അമൂല്യമായ സമ്മാനം എന്തായിരിക്കും? ഒറ്റ ഉത്തരമേയുള്ളു – ഒരു ജീവൻ.. ജീവിച്ചിരിക്കുമ്പോഴോ മരിച്ചു കഴിഞ്ഞോ നിങ്ങളുടെ ഹൃദയം, കണ്ണ്, വൃക്കകൾ, കരൾ … ഇതൊക്കെ മറ്റൊരാളെ മരണത്തിൽ നിന്ന് രക്ഷിക്കുന്ന വിലപ്പിടിപ്പുളള സമ്മാനങ്ങളാണ്. അങ്ങനെ ജീവിച്ചിരിക്കെ തന്നെ തൻ്റെ ഒരു വൃക്ക മറ്റൊരാൾക്ക് സമ്മാനമായി നൽകിയയാളാണ് ഫാ. ഡേവിസ് ചിറമ്മേൽ. കിഡ്നി അച്ചൻ എന്ന് മലയാളികൾ ഓമനപ്പേരിട്ടിരിക്കുന്ന ചിറമ്മേൽ അച്ചൻ പക്ഷേ വെറുതെ ഇരിക്കുന്നില്ല. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ എന്ന സംഘടന വഴി ഒരുപാട് പേരുടെ ജീവിതം തിരികെ പിടിക്കുന്നു. മാത്രമല്ല ഒരു ജീവിതം കൊണ്ട് എന്തൊക്കെ നല്ലകാര്യങ്ങൾ ഒരാൾക്ക് ചെയ്യാൻ കഴിയുമെന്ന് അച്ചൻ കാണിച്ചു തരുന്നുമുണ്ട്.

കഴിയാവുന്ന അത്ര മനുഷ്യരിലേക്ക് തനിക്ക് കഴിയാവുന്നത്ര രീതിയിൽ അവയവദാനത്തിൻ്റെ സന്ദേശം എത്തിക്കുകയാണ് അച്ചൻ. ഫാ. ഡേവിസ് ഇപ്പോൾ യുഎഇ സർക്കാരിൻ്റെ അതിഥിയാണ് . അവിടെ ഹയാത്ത് എന്ന സംഘടനയുടെ ബ്രാൻഡ് ചാമ്പ്യനാണ് അച്ചൻ. ഒരു വർഷം അച്ചൻ്റെ പ്രവർത്തന മേഖല അവിടമാണ്.

യുണൈറ്റഡ് അറബ് എമിറേറ്റ്സിൻ്റെ ആരോഗ്യ വിഭാഗത്തിന്റെ കീഴിൽ അവയവദാന സേവനങ്ങൾ നൽകുന്ന സംഘടനയാണ് ഹയാത്ത്. അവയവദാനം എന്ന മഹത്തായ നന്മയുടെ സന്ദേശം ആ രാജ്യത്തുള്ള എല്ലാവരിലേക്കും എത്തിക്കാനായി അച്ചൻ പുതിയ ക്യാംപെയ്ൻ തുടങ്ങുകയാണ്. ഗ്രീൻലൈഫ് എന്നാണ് ആ പ്രചാരണ പരിപാടിയുടെ പേര്. ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടിക്ക് ചുക്കാൻ പിടിക്കുന്നത് ഹയാത്തിൻ്റെ സാരഥി UAE നാഷണൽ ട്രാൻസ്പ്ലാന്റ് കമ്മറ്റി ചെയർമാൻ ഡോ. അലി അലോബൈദലിയും ഡേവീസ് അച്ചനും ആണ് .

യുഎഇ ദേശീയ ദിന ആഘോഷങ്ങളോടൊപ്പം ഡിസംബർ രണ്ടിന് നടക്കുന്ന ‘മ്മടെ തൃശൂർപൂരം’ പരിപാടിയിലായിക്കും ക്യാംപെയ്ൻ തുടക്കം. അന്ന് എത്തുന്ന എല്ലാവർക്കും ഹയാത്തിൻ്റെ അവയവദാന സമ്മതപത്രം നൽകാം. ആകെ വേണ്ടത് എമിറേറ്റ്സ് ഐഡി മാത്രമാണ്. റജിസ്റ്റർ ചെയ്തവർക്ക് ‘മ്മടെ തൃശൂർ പൂരം’ പരിപാടിയിലെ സൌജന്യ ഫൂഡ് കൂപ്പൺ ലഭിക്കും. നേരിട്ട് യുഎഇ സർക്കാരിന്റെ ആരോഗ്യ വകുപ്പ് വെബ്സൈറ്റിൽ കയറി ഹയാത്തിൽ എത്തി ഇപ്പോൾ തന്നെ റജിസ്റ്റർ ചെയ്യാവുന്നതുമാണ്.

ഏതാണ്ട് 200 രാജ്യങ്ങളിൽനിന്നുള്ള മനുഷ്യർ യുഎഇയിൽ ജീവിക്കുന്നുണ്ട്. തദ്ദേശീയരെന്നോ വിദേശീയരെന്നോ ഉള്ള വ്യത്യാസം കൂടാതെ എല്ലാവരും ഹയാത്തിൻ്റെ സേവനം സ്വീകരിക്കുന്നവരാണ് . യുഎഇയിൽ അവയവസ്വീകരണവും അനുബന്ധ ചികിൽസയും സൌജന്യമാണ് , അത് ഏതു രാജ്യത്തെ പൌരനായാലും ശരി.

നിങ്ങൾക്കോ നിങ്ങളുടെ പ്രിയപ്പെട്ടവർക്കോ ഒരു ഘട്ടത്തിൽ ഒരു അവയവം വേണമെന്നിരിക്കട്ടെ, അത് തരാൻ ഓരാൾ വേണ്ടേ? എല്ലാവരും കിട്ടണം എന്നു മാത്രം ചിന്തിച്ചിട്ട് കാര്യമില്ല കൊടുക്കാൻ ആളു വേണ്ടേ… അവയവ ദാനത്തിന് നിങ്ങൾ സമ്മതിച്ചു എന്നതിൻ്റെ അർഥം നിങ്ങളുടെ അവയവങ്ങൾ നിങ്ങൾ കൊടുക്കേണ്ടി വരും എന്നല്ല. ഏതെങ്കിലും കാരണത്താൽ നിങ്ങൾക്ക് മസ്തിഷ്ക മരണം സംഭവിക്കുകയും ആ സമയത്ത് ആശുപത്രിയിൽ എത്തുകയും ഡോക്ടർ അത് സ്ഥിരീകരിക്കുയും നിങ്ങളുടെ വേണ്ടപ്പെട്ടവർ നിങ്ങളുടെ അവയവം ദാനം ചെയ്യാൻ സമ്മതിക്കുകയും ചെയ്തെങ്കിൽ മാത്രമാണ് അത് നടക്കുക. പക്ഷേ അവയവ ദാനത്തിനുള്ള സമ്മത പത്രം നൽകുക വഴി ഒരു മഹത്തായ സന്ദേശം നിങ്ങൾ ലോകത്തിനു നൽകുകയാണ്. ജീവിച്ചിരിക്കുമ്പോൾ മറ്റൊരാളുടെ ജീവിതം ധന്യമാക്കുക, മരണശേഷവും പലരിലൂടെ ജീവിക്കാനാവുക ഇതു രണ്ടും വലിയ കാര്യങ്ങളാണ്.

നമ്മൾ മരിച്ച ശേഷവും നമ്മുക്ക് ആർക്കെങ്കിലും നന്മ ചെയ്യാൻ സാധിക്കുന്നുണ്ടെങ്കൽ അത് വലിയ പുണ്യമല്ലേ.. പക്ഷേ ഇന്നും അവയവ ദാനത്തെ കുറിച്ച് വലിയ തെറ്റിധാരണകൾ സമൂഹത്തിൽ പുലരുന്നുണ്ട്. ഒരുപാട് ആശങ്കകളുണ്ട്, ഭയങ്ങളുണ്ട്… ഇതുമൂലമാണ് പലരും അവയവ ദാനത്തിനായി മുന്നോട്ടു വരാത്തത്. ഏറ്റവും വലിയ പുണ്യമാണ് ഇത്. അവസരം പാഴാക്കാതിരിക്കുക.

രജിസ്റ്റർ ചെയ്യുന്നതിനും, കൂടുതൽ വിവരങ്ങൾക്കും താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക; www.greenlife.org.in അല്ലെങ്കിൽ QR CODE ഉപയോഗിക്കുക;

Fr. Davis Chiramal is the Brand Champion of Hayat UAE