പാരിസ്: റിപ്പോർട്ട് ചെയ്യപ്പെട്ട ബെഡ്ബഗ് കേസുകളുടെ എണ്ണം പരിശോധിക്കുന്നതിനായി ഈ ആഴ്ച അടിയന്തര യോഗം സംഘടിപ്പിക്കുമെന്ന് ഫ്രഞ്ച് സർക്കാർ. ഇത് പൊതുജനാരോഗ്യ പ്രശ്‌നമായി കണക്കാക്കുന്നുവെന്നും സർക്കാർ പറഞ്ഞു. പൊതുഗതാഗത സംവിധാനങ്ങളിലും സിനിമാശാലകളിലും ആശുപത്രികളിലുമെല്ലാം മൂട്ടശല്യം വർധിച്ചത് സർക്കാരിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്.
പാരിസ് മെട്രോ, അതിവേഗ ട്രെയിനുകള്‍, വിമാനത്താവളം എന്നിവിടങ്ങളില്‍ മൂട്ടയുടെ സാന്നിധ്യം യാത്രക്കാര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. മൂട്ടയെ തുരത്താന്‍ അടിയന്തരമായി കര്‍മപദ്ധതി തയാറാക്കേണ്ടതുണ്ടെന്ന് ഡെപ്യൂട്ടി മേയര്‍ ഇമ്മാനുവല്‍ ഗ്രിഗോയര്‍ പ്രധാനമന്ത്രി എലിസബത്ത് ബോണിന് അയച്ച കത്തില്‍ പറഞ്ഞു.
സിനിമ തിയറ്ററുകളില്‍ നിന്നുള്ള അസഹ്യമായ മൂട്ടകടി വിവരം ജനം ‘എക്‌സി’ല്‍ ഉള്‍പ്പെടെ പങ്കുവെച്ചതോടെയാണ് വിഷയം ചര്‍ച്ചയായത്. നേരത്തേ ഫ്രാന്‍സില്‍ മൂട്ടശല്യം ഉണ്ടായിരുന്നെങ്കിലും 1950കളില്‍ ഇവയെ ഉന്മൂലനം ചെയ്തതായി കണക്കാക്കിയിരുന്നു. എന്നാല്‍, 2017ല്‍ വീണ്ടും വ്യാപക പരാതികള്‍ വന്നുതുടങ്ങി. ടൂറിസ്റ്റുകളുടെ വര്‍ധന, കീടനാശിനികള്‍ക്കെതിരെ മൂട്ടകള്‍ ആര്‍ജിച്ച പ്രതിരോധം എന്നിവയാണ് വീണ്ടും ഇവ പെരുകാന്‍ കാരണമായി പറയുന്നത്.