തക്കാളി വില കുത്തനെയിടിഞ്ഞു; ഒരു മാസത്തിനിടെ 200 ൽ നിന്നും 5 രൂപയിലേക്ക്, പ്രതിസന്ധിയിൽ കർഷകർ

പുനെ: ഒരുമാസം മുൻപ് വരെ കിലോയ്ക്ക് 200 രൂപ വിലയുണ്ടായിരുന്ന തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞത് മഹാരാഷ്ട്രയിലെ കർഷകരെ പ്രതിസന്ധിയിലാക്കുന്നു. വിലയിടിഞ്ഞ് കിലോയ്ക്ക് 3-4 രൂപവരെയാണ് എത്തിയിരിക്കുന്നത്. തക്കാളി കൃഷി ഉപേക്ഷിക്കാൻ വരെ നിർബന്ധിതരാകുകയാണ് കർഷകർ.

ഇത്തരത്തിലുള്ള വിപണിയിലെ ഏറ്റക്കുറച്ചിലുകൾ തടയാൻ തക്കാളിക്കും ഉള്ളിക്കും മിനിമം താങ്ങുവില (എംഎസ്പി) മാത്രമാണ് മുന്നിലുള്ള ഏക വഴിയെന്ന് നാസിക്കിൽ നിന്നുള്ള കാർഷിക പ്രവർത്തകൻ സച്ചിൻ ഹോൾക്കർ പറഞ്ഞു.

കുറഞ്ഞ വിലയ്‌ക്ക് പോലും ഉൽപന്നങ്ങൾ വിറ്റഴിച്ച ചുരുക്കം ചില കർഷകർ, തങ്ങളുടെ നിക്ഷേപത്തിന്റെ പകുതി പോലും തിരിച്ചുപിടിക്കാൻ കഴിയുന്നില്ലെന്ന് പറയുന്നു. ഒരേക്കർ സ്ഥലത്ത് തക്കാളി കൃഷി ചെയ്യാൻ കർഷകന് രണ്ട് ലക്ഷം രൂപ മൂലധനം ആവശ്യമാണ്.

പൂനെയിൽ വിപണിയിൽ കിലോയ്ക്ക് അഞ്ച് രൂപ വരെ വില കുറഞ്ഞു. നാസിക്, പിംപൽഗാവ്, നാസിക്, ലാസൽഗാവ് എന്നിവിടങ്ങളിലെ മൂന്ന് മൊത്തവ്യാപാര മണ്ടികളിൽ കഴിഞ്ഞ ആറാഴ്ചയ്ക്കിടെ ശരാശരി മൊത്ത തക്കാളി വില ഒരു ക്രേറ്റിന് (20 കിലോ) 2000 രൂപയിൽ നിന്ന് 90 രൂപയായി കുറഞ്ഞു.

കോലാപ്പൂരിൽ, ഒരു മാസം മുമ്പ് ചില്ലറ വിപണിയിൽ ഏകദേശം 220 രൂപയുണ്ടായിരുന്ന തക്കാളി ഇപ്പോൾ കിലോയ്ക്ക് 2-3 രൂപയ്ക്കാണ് വിൽക്കുന്നത്.

പൂനെ ജില്ലയിലെ ജുന്നാർ, അംബേഗാവ് താലൂക്കുകളിലെ കർഷകർ കഴിഞ്ഞ ഏതാനും ആഴ്ചകളായി മൊത്തക്കച്ചവട വിപണിയിൽ വില ഇടിഞ്ഞതിനെ തുടർന്ന് തക്കാളി തോട്ടങ്ങൾ ഉപേക്ഷിക്കാൻ തുടങ്ങി.

More Stories from this section

family-dental
witywide