ന്യൂഡല്‍ഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 2024 ന്റെ തുടക്കത്തില്‍ത്തന്നെ ഇന്ധന വില കുറയ്ക്കാന്‍ സാധ്യത. നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. വിലക്കയറ്റത്തില്‍ നിന്ന് സാധാരണക്കാര്‍ക്ക് വലിയ ആശ്വാസം നല്‍കാനുള്ള പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍. പെട്രോള്‍, ഡീസല്‍ വില 6 മുതല്‍ 10 രൂപ വരെ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് എണ്ണക്കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിവരികയാണെന്നും വിവരമുണ്ട്.
അതേസമയം, ഇന്ധനവില കുറച്ചുനാളായി കൂടാത്തതിന്റെ ആശ്വാസത്തിലാണ് സാധാരണക്കാര്‍. നിരന്തരമായ വില വര്‍ദ്ധനയ്ക്കുശേഷം കഴിഞ്ഞ വര്‍ഷം മേയ് മാസം മുതല്‍ ഇന്ധനവില വര്‍ദ്ധനവ് ഉണ്ടായിട്ടില്ല.
ഇപ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കുന്നതിനെക്കുറിച്ച് പെട്രോളിയം മന്ത്രാലയവും ധനമന്ത്രാലയവും ചര്‍ച്ച നടത്തി വരികയാണ്. ഇതിന് പുറമെ എണ്ണക്കമ്പനികളുമായും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ചര്‍ച്ചകള്‍ വിജയിച്ചാല്‍ പെട്രോളിനും ഡീസലിനും 6 രൂപ മുതല്‍ 10 രൂപ വരെ വില കുറയും.