നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന്റെ മണ്ഡലമായ തലശ്ശേരിയിലെ ഗണപതി ക്ഷേത്രക്കുള നവീകരണത്തിന് ഭരണാനുമതി. കോടിയേരി കാരാൽതെരുവ് ഗണപതി ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങള്‍ക്കുവേണ്ടിയാണ് 64 ലക്ഷം രൂപ അനുവദിച്ചത്. എ എന്‍ ഷംസീർ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അടുത്തമാസം നിർമ്മാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുമെന്ന് ക്ഷേത്രത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് സ്പീക്കർ അറിയിച്ചു.
ഗണപതി പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് സ്പീക്കറുടെ മണ്ഡലത്തിൽ ക്ഷേത്ര നവീകരണത്തിന് ഭരണാനുമതി ലഭിക്കുന്നത്.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം:
തലശ്ശേരി കോടിയേരിയിലെ ഏറെ പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് കാരാൽതെരുവിൽ സ്ഥിതി ചെയ്യുന്ന ഗണപതി ക്ഷേത്രം. ഈ ക്ഷേത്രത്തോട് ചേർന്നുള്ള ക്ഷേത്രകുളത്തിന്റെ നവീകരണത്തിനായി 64 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതിയായി.
പഴമയുടെ പ്രൗഡി നിലനിർത്തികൊണ്ട് കുളം ഏറെ മനോഹരമായി നവീകരിക്കുവാനാണ് ലക്ഷ്യമിടുന്നത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി അടുത്ത മാസം ആവുമ്പോഴേക്കും ക്ഷേത്രകുളം നവീകരണ പ്രവൃത്തികൾ ആരംഭിക്കുവാൻ സാധിക്കും.