അമേരിക്കയില്‍ കുത്തേറ്റു മരിച്ച പലസ്തീന്‍ ബാലന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത് യഹൂദ പുരോഹിതന്മാര്‍

ഇസ്രയേല്‍-ഹമാസ് യുദ്ധത്തോടുള്ള പ്രതികരണമായി അന്ധമായ മുസ്ലീം വൈരാഗ്യത്തിന്റെ പേരില്‍ അമേരിക്കയില്‍ 71കാരനായ ഹൗസ് ഓണര്‍ കുത്തിക്കൊലപ്പെടുത്തിയ ആറു വയസ്സുകാരന്റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത് യഹൂദ പുരോഹിതന്മാര്‍. അരി ഹാര്‍ട്ട്, ഹോഡി നെമസ് എന്നീ യഹൂദ പുരോഹിതന്മാരാണ് 26 തവണ കുത്തേറ്റ് അതിക്രൂരമായി കൊല്ലപ്പെട്ട പലസ്തീന്‍ ബാലന്റെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്.

ഈ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കേണ്ടത് സമാധാനം ആഗ്രഹിക്കുന്ന തങ്ങളുടെ കടമയാണെന്ന് അരി ഹാര്‍ട്ട് പറഞ്ഞു. തങ്ങള്‍ പള്ളി ഇമാമിനേയും കുട്ടിയുടെ പിതാവിനേയും കണ്ടുവെന്നും ആ സമുദായത്തോടൊപ്പം നിന്ന് അവരുടെ ദുഖത്തില്‍ പങ്കു ചേരുന്നുവെന്നും അരിഹാര്‍ട്ട് പറഞ്ഞു. അവരുടെ വേദന പങ്കിടുന്നുവെന്ന് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്ത ഹോഡിനെമസ് എന്ന പുരോഹിതന്‍ പറഞ്ഞു. പലസ്തീന്‍ പതാക പുതപ്പിച്ചു കിടത്തിയിരുന്ന ആറു വയസ്സുകാരനെ അവസാനമായി കാണുന്നതിനായി നൂറുകണക്കിനാളുകള്‍ എത്തിയിരുന്നു.

സൗത്ത് ലിങ്കണ്‍ ഹൈവേയിലെ 16200 ബ്ലോക്കിലാണ് ക്രൂരമായി കൊലപാതകം നടന്നത്. പലസ്തീന്‍-അമേരിക്കന്‍ ബാലനായ ചെറിയ വാഡിയ അല്‍-ഫയൂമിയാണ് വര്‍ഗ്ഗീയതയുടെ പേരില്‍ അതിക്രൂരമായി കൊല്ലപ്പെട്ടത്. അടുത്തിടെയാണ് കുട്ടി ആറാം ജന്മദിനമാഘോഷിച്ചത്. ശനിയാഴ്ച വില്‍ കൗണ്ടി ഷെരീഫിന്റെ പ്രതിനിധികള്‍ വീടിനു മുന്നിലെത്തുമ്പോള്‍ ജോസഫ് സൂബയെന്ന ഹൗസ് ഓണര്‍ വീടിനു മുന്നില്‍ത്തന്നെ ഇരിക്കുകയായിരുന്നു.

വീടിനകത്ത് ആറു വയസ്സുകാരനെ കൊല്ലപ്പെട്ട നിലയിലും കണ്ടെത്തി. കുട്ടിയുടെ ശരീരത്തില്‍ 26 തവണ കുത്തേറ്റിരുന്നു. കുട്ടിയുടെ അമ്മ 32കാരിയായ ഹനാന്‍ ഷാഹിനും നിരവധി തവണ കുത്തേറ്റിരുന്നു. അതിഗുരുതരാവസ്ഥയിലുള്ള ഷാഹിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിങ്ങള്‍ മുസ്ലീംങ്ങള്‍ മരിക്കണം എന്നാക്രോശിച്ചുകൊണ്ടാണ് ജോസഫ് സൂബ യുവതിയേയും മകനേയും ആക്രമിച്ചത്. ക്രൂരമായ ആക്രമണത്തില്‍ ഇരകളായ രണ്ടുപേരും മുസ്ലീം ആയതിനാല്‍ ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുണ്ടായ വര്‍ഗ്ഗീയതയാണ് ആക്രമണത്തിനു പിന്നിലെന്ന് വില്‍ കൗണ്ടി ഷെരീഫ് ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു.

More Stories from this section

family-dental
witywide