സാങ്കേതിക തകരാര്‍ പരിഹരിച്ചു; ഗഗന്‍യാന്‍ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയകരം

ശ്രീഹരിക്കോട്ട: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ആദ്യം മാറ്റിവെച്ചെങ്കിലും പിന്നീട് തകരാറുകള്‍ പരിഹരിച്ച് വിക്ഷേപണം നടത്തിയ ഗഗന്‍യാന്‍ ആദ്യ പരീക്ഷണ റോക്കറ്റ് വിക്ഷേപണം വിജയകരം. റോക്കറ്റില്‍ നിന്നും വേര്‍പെട്ട ക്രൂ മൊഡ്യൂള്‍ കടലില്‍ പതിച്ചു. നാവികസേന ഇത് വീണ്ടെടുക്കും. വിക്ഷേപണം വിജയകരമായത് 9 മിനിറ്റ് 51 സെക്കന്റിനുള്ളിലാണ്. വിക്ഷേപണത്തിന്റെ എല്ലാ ഘട്ടവും വിജയകരമാണെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് അറിയിച്ചു.

നേരത്തേ വിക്ഷേപണത്തിനു അഞ്ചുസെക്കന്റ് മാത്രം ബാക്കി നില്‍ക്കേ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് ദൗത്യം മാറ്റി വെച്ചിരുന്നു. രാവിലെ 7 മണിക്ക് നടത്തേണ്ട വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ പലതവണ നിര്‍ത്തിവെച്ചിരുന്നു. എന്‍ഞ്ചിന്‍ ഇഗ്നീഷ്യന്‍ നടക്കാത്തതിനെ തുടര്‍ന്നു വിക്ഷേപണം ഇന്ന് നടത്തില്ലെന്നും പിന്നീട് നടത്തുമെന്നുമായിരുന്നു ഐഎസ്ആര്‍ഒ തലവന്‍ എസ് സോമനാഥ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൊട്ടുപിന്നാലെ തകരാര്‍ കണ്ടെത്തി പരിഹരിച്ചതോടെ പത്ത് മണിക്ക് വീണ്ടും വിക്ഷേപണം നടത്തുകയായിരുന്നു.

ടിവിഡി 1 എന്ന് പേരിട്ടിരിക്കുന്ന പരീക്ഷണ വിക്ഷേപണത്തില്‍ വിക്ഷേപണത്തിനിടെയുള്ള അടിയന്തിര ഘട്ടങ്ങളില്‍ യാത്രക്കാരെ സുരക്ഷിതമായി താഴെയിറക്കുന്നതിനുള്ള ‘ക്രൂ എസ്‌കേപ്പ്’ സംവിധാനത്തിന്റെ ക്ഷമതയാണ് ഇന്നത്തെ വിക്ഷേപണത്തിലൂടെ പരിശോധിക്കേണ്ടിയിരുന്നത്. റോക്കറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍, പൊട്ടിത്തെറിച്ചേക്കാവുന്ന റോക്കറ്റില്‍ നിന്നും കുറഞ്ഞത് രണ്ട് കിലോമീറ്ററെങ്കിലും മാറ്റി യാത്രികരെ സംരക്ഷിക്കുന്നതിനെയാണ് ക്രൂ എസ്‌കേപ്പ് സിസ്റ്റം എന്നു പറയുന്നത്.

More Stories from this section

family-dental
witywide