തിരുവനന്തപുരം: കേരള നിയസഭയിലേക്ക് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കേ ഗതാഗത വകുപ്പിനൊപ്പം സിനിമ കൂടി കിട്ടിയാല്‍ കൊള്ളാമെന്ന ഗണേഷ് കുമാറിന്റെ ആഗ്രഹത്തിന് കടിഞ്ഞാണ്‍ വീണു.
കെ ബി ഗണേഷ് കുമാറിന് സിനിമാ വകുപ്പില്ല, പകരം ഗതാഗത വകുപ്പില്‍ തൃപ്തിപ്പെടേണ്ടി വരും. സി.പി.എം ന്റെ കൈവശമുള്ള വകുപ്പ് മാറ്റേണ്ടെന്നാണ് നിലവിലെ തീരുമാനം. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം.
മന്ത്രിയായി ചുമതലയേല്‍ക്കുമ്പോള്‍ സിനിമാ താരം എന്ന നിലയില്‍ സിനിമ വകുപ്പ് കൂടി കിട്ടിയാല്‍ സന്തോഷമെന്നാണ് നിയുക്ത മന്ത്രി ഗണേഷ് കുമാര്‍ നേരത്തെ പറഞ്ഞത്. സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടില്ലെന്നും ഗണേഷ്‌കുമാര്‍ വ്യക്തമാക്കിയിരുന്നു.
കേരളത്തിലെ സിനിമ മേഖലയ്ക്കും തിയറ്ററുകളിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നത് മുന്‍പ് ഈ വകുപ്പ് കൈകാര്യം ചെയ്തപ്പോഴാണെന്നും ഗതാഗത വകുപ്പ് തന്നെയാകും ലഭിക്കുകയെന്നാണ് കരുതുന്നതെന്നും ഗണേഷ് പറഞ്ഞിരുന്നു.
ഇന്ന് വൈകുന്നേരം നാലിന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും.