ഗാസയിലെ അവസാന തുള്ളി ഇന്ധനവും തീരുന്നു, പ്രവർത്തനം നിർത്തുമെന്ന് യുഎൻ ഏജൻസി

ജറുസലം: ഇസ്രയേൽ – പലസ്തീൻ സംഘർഷം ശക്തമായ ഗാസയിൽ ഇന്ധനത്തിന്റെ അഭാവം മൂലം പ്രവർത്തനങ്ങൾ നിർത്തിവയ്‌ക്കേണ്ടി വരുമെന്ന് യുഎൻ ഏജൻസി മുന്നറിയിപ്പ് നൽകി.

ഇന്ധനമെത്തിയില്ലെങ്കിൽ ഗാസയിലെ ആശുപത്രികൾ പൂട്ടേണ്ടിവരുമെന്നും ജനറേറ്ററുകളുടെ പ്രവർത്തനം നിലച്ചാൽ ആശുപത്രികൾ മോർച്ചറികളാകുമെന്നും റെഡ് ക്രോസ് മുന്നറിയിപ്പ് നൽകി.

അതേസമയം അഞ്ച് ലക്ഷം ലീറ്ററോളം ഡീസൽ ഹമാസിന്റെ കൈവശമുണ്ടെന്നും ഹമാസിനോട് ഇന്ധനം ചോദിക്കാനുമാണ് ഇസ്രയേൽ സൈന്യത്തിന്റെ മറുപടി.

“ഗാസയിൽ ഇന്ധനമെത്തിയില്ലെങ്കിൽ ഏതൊരു സഹായ സംഘടനയും എടുക്കുന്ന ഏറ്റവും കഠിനമായ തീരുമാനങ്ങളിൽ ഒന്ന് എടുക്കേണ്ടിവരും. പ്രവർത്തനം നിർത്തേണ്ടി വരും.”ഗാസയിൽ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന യുഎൻ ഏജൻസിയായ യുഎൻആർഡബ്ല്യുഎയുടെ വക്താവ് ജൂലിയറ്റ് ടൂമ വ്യക്തമാക്കി.

ഇസ്രയേൽ ഹമാസ് സംഘർഷം ആരംഭിച്ചതോടെ ഇസ്രയേൽ പലസ്തീനിലേക്കുള്ള വൈദ്യുതി വിതരണം നിർത്തിവച്ചിരുന്നു. ഇതോടെ ഡീസൽ ജനറേറ്ററുകൾ ഉപയോഗിച്ചായിരുന്നു പ്രദേശത്ത് വൈദ്യുതി ലഭ്യമാക്കിയത്. എന്നാൽ സംഘർഷം ശക്തമായതോടെ ഗാസയിലേക്ക് ഡീസൽ എത്തിച്ചിരുന്ന പൈപ്പ് ലൈനുകൾ ഇസ്രയേൽ തകർത്തു. നിലവിൽ വളരെ കുറച്ച് ഡീസൽ മാത്രമാണ് പ്രദേശത്ത് ലഭ്യമായിട്ടുള്ളത്.

ഡീസൽ ലഭ്യത കുറഞ്ഞതോടെ കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന പ്ലാന്റുകളുടെ പ്രവർത്തനങ്ങളും പ്രദേശത്ത് നിർത്തലാക്കിയിരിക്കുകയാണ്. ഗാസയിലേക്ക് ഭക്ഷണവും വെള്ളവും ഡീസലും എത്തിക്കുന്ന ട്രക്കുകൾ ഇസ്രയേൽ സൈന്യം തടയുകയും ചെയ്തു. ഡീസൽ ഹമാസ് തട്ടിയെടുക്കുമെന്നും ഇത് ആയുധങ്ങൾ ഉണ്ടാക്കാൻ ഉപയോഗിക്കുമെന്നും ആരോപിച്ചാണ് ഡീസൽ ട്രക്കുകൾ ഇസ്രയേൽ തടയുന്നത്.

അതേസമയം ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ വൻതോതിൽ വർധനവുണ്ടായതിനെത്തുടർന്ന് ഗാസയിലെ ആരോഗ്യ സൗകര്യങ്ങളുടെ ഏകദേശം മൂന്നിൽ രണ്ട് ഭാഗവും പ്രവർത്തനം നിർത്തിയതായി ലോകാരോഗ്യ സംഘടന ചൊവ്വാഴ്ച അറിയിച്ചു.

Gaza on the verge of running out of fuel

More Stories from this section

family-dental
witywide