ഗാസ : ലോകം മുഴുവൻ ആവശ്യപ്പെട്ടിട്ടും നെല്ലിട വിട്ടുകൊടുക്കാതെ ഇസ്രയേൽ. ഗാസയിൽ കനത്ത പോരാട്ടമാണ് നടക്കുന്നത്. ഗാസയിൽ ജനങ്ങളുടെ പ്രധാന ആശ്രയമായ അൽ ഷിഫ ആശുപത്രിക്കുനേരെ ആക്രമണം രൂക്ഷമായി. സൈനിക ടാങ്കുകൾ വളഞ്ഞ ആശുപത്രിക്കുനേരെ ഞായറാഴ്‌ചയും കനത്ത ആക്രമണമുണ്ടായി. തുടർച്ചയായ രണ്ടാം ദിവസവും തീവ്രപരിചരണ വിഭാഗം ആക്രമിക്കപ്പെട്ടു. ഹൃദയചികിത്സാ വിഭാഗവും തകർത്തു. മാസം തികയാതെ ജനിച്ച് ഇൻക്യുബേറ്ററിൽ ചികിത്സയിലിരുന്ന മൂന്ന് കുഞ്ഞുങ്ങൾ മരിച്ചതായി പലസ്തീൻ ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്യുന്നു.
അൽ ഷിഫ ആശുപത്രിയുമായി ആശയവിനിമയം പൂർണമായും നഷ്‌ടപ്പെട്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ആശുപത്രികൾക്കുള്ളിലെ സ്ഥിതി ദുരന്ത സമാനമാണെന്ന് യുനിസെഫ് പ്രതികരിച്ചു. ആശുപത്രിയിലുണ്ടായിരുന്ന 1500 പേരിൽ 1000 പേർ ആശുപത്രി വിട്ടുപോയി. ഗാസയിലെ മറ്റൊരു ആശുപത്രിയായ അൽ കുദ്സ് അടച്ചു പൂട്ടി. ഇന്ധനക്ഷാമമാണ് കാരണം. ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ 13 പേരും ജബലിയ അഭയാർഥി ക്യാമ്പിൽ 15 പേരും കൊല്ലപ്പെട്ടു. ഗാസയിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 11058 ആയി. അധിനിവേശ വെസ്റ്റ് ബാങ്കിലും ഒരാൾ കൊല്ലപ്പെട്ടു.
ആശുപത്രിയിലുള്ള കുഞ്ഞുങ്ങളെ ‘സുരക്ഷിതമായ’ മറ്റൊരിടത്തേക്ക് മാറ്റാൻ അനുവദിക്കാമെന്ന് ഇസ്രയേൽ സൈന്യം പ്രതികരിച്ചതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇക്കാര്യം തങ്ങളെ അറിയിച്ചിട്ടില്ലെന്നും ആക്രമണം തുടരുന്നതിനിടെ ഒഴിപ്പിക്കൽ പ്രായോഗികമല്ലെന്നും ഗാസ ആരോഗ്യമന്ത്രാലയം പ്രതികരിച്ചു.
ബന്ദികളെ മോചിപ്പിക്കുന്നതു സംബന്ധിച്ച ചർച്ച കഴിഞ്ഞ ദിവസം സജീവമായിരുന്നു എങ്കിലും ആശുപത്രി ആക്രമണത്തെ തുടർന്ന് ചർച്ചയിൽ നിന്ന് പിന്മാറിയതായി ഹമാസ് അറിയിച്ചു.
ഇസ്രയേലിൻ്റെ ലബനൻ അതിർത്തിയിൽ ഹിസ്ബുല്ല നടത്തിയ ആക്രമണത്തിൽ 2 പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ അറിയിച്ചു. ഗാസയിലേക്ക് കൂടുതൽ സഹായം എത്തിക്കണമെന്നും ബന്ദികളെ വിട്ടയക്കണമെന്നും ഫ്രാൻസിസ് മാർപാപ്പ ആവശ്യപ്പെട്ടു.
Gaza’s two largest hospitals shut amid nonstop raids