റിപ്പബ്ലിക്കൻ നേതാവ് ജോർജ് സാന്റോസിനെ അമേരിക്കൻ ജനപ്രതിനിധി സഭയിൽനിന്ന് പുറത്താക്കി. 311-114 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പുറത്താക്കാനുള്ള നടപടി സഭ പൂർത്തിയാക്കിയത്. ഇത്തരത്തിൽ പുറത്താക്കപ്പെടുന്ന ആറാമത്തെ അംഗമാണ് സാന്റോസ്.
കള്ളപ്പണം വെളുപ്പിക്കൽ, പൊതുപണം മോഷ്ടിക്കൽ, പ്രചാരണ ഫണ്ട് മാറ്റിവിനിയോഗിക്കൽ തുടങ്ങി 23 കുറ്റങ്ങൾ സാന്റോസിന്റെ പേരിലുണ്ട്. 2022 നവംബറിൽ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ന്യൂയോർക്ക് ടൈംസ്, വോൾസ്ട്രീറ്റ് ജേർണൽ തുടങ്ങിയ പത്രങ്ങൾ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് സാന്റോസിനെ കുരുക്കിലാക്കിയത്. താൻ ജൂതവംശാനാണെന്നും വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിലാണ് ‘അമ്മ കൊല്ലപ്പെട്ടതെന്നും മുത്തച്ഛനും മുത്തശ്ശിയും നാസി ഭീകരതയ്ക്ക് ഇരയായി ഹോളോകോസ്റ്റിൽ മരിച്ചു ഉൾപ്പെടെ സാന്റോസിന്റെ ജീവചരിത്രത്തിൽ ഉൾച്ചേർത്തിരിക്കുന്ന പല കാര്യങ്ങളും തെറ്റാണെന്നായിരുന്നു വാർത്ത. ജീവചരിത്രത്തിൽ പറയുന്നത് പോലെ ന്യൂയോർക്ക് സർവകലാശാലയിൽ പഠിക്കുകയോ ഗോൾഡ്‌മൻ സാക്സ് സിറ്റി ഗ്രൂപ്പിൽ ജോലിയെടുക്കുകയോ ചെയ്തിട്ടില്ലെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് പ്രചാരണവേളയിൽ പറഞ്ഞ പലകാര്യങ്ങളും തെറ്റാണെന്ന് സാന്റോസ് സമ്മതിച്ചിരുന്നു
ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചിരുന്നു. സ്വന്തം സാമ്പത്തിക നേട്ടത്തിനായി സ്ഥാനാർത്ഥിത്വം ദുരുപയോഗം ചെയ്തുവെന്നും എത്തിക്സ് കമ്മിറ്റി കണ്ടെത്തിയിരുന്നു. പ്രചാരണ ഫണ്ട് ഉപയോഗിച്ച് ബോട്ടോക്‌സ് ചികിത്സകൾ, അശ്ലീലസാഹിത്യം ഉൾപ്പെടെയുള്ള ഉള്ളടക്കത്തിനായി ഒൺലി ഫാൻസ് എന്ന പ്ലാറ്റ്‌ഫോം, ന്യൂയോർക്കിലെ ഹാംപ്ടൺസ് സീസൈഡ് എൻക്ലേവിലേക്കുള്ള യാത്ര എന്നിവ കമ്മിറ്റി അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
സാന്റോസിന്റെ ഒഴിവുവന്ന സീറ്റില്‍ പ്രത്യേക തിരഞ്ഞെടുപ്പ് നടത്താന്‍ അടുത്ത 10 ദിവസത്തിനുള്ളിൽ പ്രഖ്യാപനമുണ്ടാകും. അവിടെനിന്ന് 70 മുതൽ 80 ദിവസങ്ങൾക്കകം തിരഞ്ഞെടുപ്പും നടത്തണമെന്നാണ് നിയമം.
George Santos expelled from Us House of Representatives