കൊച്ചി: ആലുവയില്‍ അസഫാക് ആലം പീഡിപ്പിച്ചു കൊന്ന അഞ്ചു വയസ്സുകാരിയുടെ കുടുംബത്തിന് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാര തുകയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഹിളാ കോണ്‍ഗ്രസ് നേതാവിന്റെ ഭര്‍ത്താവിനെതിരെ കേസ്. മഹിളാ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഹസീനയുടെ ഭര്‍ത്താവ് മുനീറിനെതിരെയാണ് ആലുവ ഈസ്റ്റ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിശ്വാസ ലംഘനം, വഞ്ചന കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പണം തട്ടിയതുമായി ബന്ധപ്പെട്ട കുട്ടിയുടെ പിതാവ് പരാതി നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കേസെടുത്തിരിക്കുന്നത്.
കബളിപ്പിച്ച സംഭവം വിവാദമായതിനു പിന്നാലെ മുനീര്‍ പണം തിരികെ നല്‍കിയിരുന്നു. നാല്‍പ്പതിനായിരം രൂപയാണ് പെണ്‍കുട്ടിയുടെ പിതാവിന് തിരികെ നല്‍കിയത്. പണം വാങ്ങിയ കാര്യം പുറത്ത് പറയരുതെന്നും മുനീര്‍ ആവശ്യപ്പെട്ടിരുന്നു. പുറത്തു വന്ന വാര്‍ത്ത കളവാണെന്ന് പറയാനും മുനീര്‍ പെണ്‍കുട്ടിയുടെ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കളവ് പറയാന്‍ കഴിയില്ലെന്നാണ് പിതാവ് മറുപടി നല്‍കിയത്. മുനീറും പെണ്‍കുട്ടിയുടെ പിതാവും തമ്മിലുള്ള ടെലഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് പുറത്തു വന്നിരുന്നു.
കുട്ടിയുടെ പിതാവിന്റെ പേരിലുള്ള പേഴ്സണല്‍ അക്കൗണ്ടില്‍ നിന്നാണ് പണം തട്ടിയതെന്നാണ് പരാതി. പെണ്‍കുട്ടി കൊല്ലപ്പെട്ടതിനു ശേഷം കുട്ടിയുടെ കുടുംബത്തിന് വാടക വീട് എടുത്തു നല്‍കിയത് അന്‍വര്‍ സാദത്ത് എംഎല്‍എയാണ്. ഈ വാടക എല്ലാ മാസവും അടക്കുന്നതും എംഎല്‍എ തന്നെയാണ്. എന്നാല്‍ വീടിന്റെ അഡ്വാന്‍സ് നല്‍കാനെന്ന് പറഞ്ഞാണ് ആദ്യം 20,000 രൂപ വാങ്ങിയതെന്നും പിന്നീട് വീട്ടിലേക്കുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങാനെന്ന് പറഞ്ഞാണ് ബാക്കി തുക വാങ്ങിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. എന്നാല്‍ ജനകീയ കമ്മിറ്റി പ്രവര്‍ത്തകര്‍ തായിക്കാട്ടുകര സര്‍വീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ കുടുംബത്തിന് സൗജന്യമായാണ് ഗൃഹോപകരണങ്ങള്‍ വാങ്ങി നല്‍കിയത്.
കൊല്ലപ്പെട്ട പെണ്‍കുട്ടിയെ കാണാതായപ്പോള്‍ മുതല്‍ കുടുംബത്തെ സഹായിക്കാന്‍ നിന്നവരാണ് ആരോപണ വിധേയര്‍. പണം വാങ്ങിയ വിവരം ഒരു മാസം മുന്‍പ് കുട്ടിയുടെ വീട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനോടും മറ്റ് ജനപ്രതിനിധികളോടും പരാതിപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് തട്ടിപ്പ് വെളിയിലായത്. സംഭവം വിവാദമായതോടെ 70,000 രൂപ തിരികെ നല്‍കി. ബാക്കി തുക ഡിസംബര്‍ 20-നകം കൊടുക്കാമെന്ന് അറിയിച്ച് വെള്ള പേപ്പറില്‍ എഴുതി ഒപ്പിട്ടു നല്‍കുകയും ചെയ്തു. പണം വായ്പയായി വാങ്ങിയെന്നാണ് കോണ്‍ഗ്രസ് നേതാവും ഭര്‍ത്താവും നല്‍കുന്ന വിശദീകരണം.