ഗൂഗിൾ പേ ഇനി സൗജന്യമല്ല; റീചാർജ് ചെയ്യാൻ അധിക തുക ഈടാക്കി തുടങ്ങി

ഗൂഗിൾ പേ വഴിയുള്ള ഫോൺ റീചാർജ് ഇനി മുതൽ സൗജന്യമല്ല. ഗൂഗിള്‍ പേയിലൂടെ മൊബൈല്‍ പ്രീപെയ്ഡ് പ്ലാനുകള്‍ റീചാര്‍ജ് ചെയ്യുന്ന ഉപയോക്താക്കള്‍ക്ക് 3 രൂപ വരെ ‘കണ്‍വീനിയന്‍സ് ഫീസ്’ ഈടാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.

പേടിഎം, ഫോണ്‍ പേ തുടങ്ങിയ പേയ്മെന്റ് പ്ലാറ്റ്ഫോമുകളും ഇതിനകം തന്നെ കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും, മൊബൈല്‍ റീചാര്‍ജ് പേയ്മെന്റുകള്‍ നടത്തുമ്പോള്‍ അധിക നിരക്ക് ഈടാക്കാത്തതിനാലാണ് എല്ലാവരും ഗൂഗിള്‍ പേ ഉപയോഗിച്ചിരുന്നത്.

അധികചാർജ് ഈടാക്കുന്നതിനെപ്പറ്റി ഒരു ഉപയോക്താവ് സ്ക്രീൻ ഷോട്ട് ഉൾപ്പെടെ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. 749 രൂപയുടെ ജിയോ പ്രീപെയ്ഡ് റീച്ചാര്‍ജ് ചെയ്‌തപ്പോൾ മൂന്ന് രൂപ അധികമായി ഈടാക്കിയതിൻ്റെ സ്ക്രീൻ ഷോട്ടാണ് പങ്കുവച്ചിരിക്കുന്നത്.

ഗൂഗിള്‍ പേയിലെ റീച്ചാര്‍ജ് ഓപ്ഷനിലൂടെയുള്ള യുപിഐ ഇടപാടുകള്‍ക്കാണ് നിലവിൽ അധിക ഫീസ് നൽകേണ്ടിവരിക.

നൂറ് രൂപ മുതല്‍ 200 വരെയുള്ള റീച്ചാര്‍ജുകള്‍ക്ക് രണ്ട് രൂപയാണ് അധിക ചാർജായി ഈടാക്കുന്നത്. 200 മുതല്‍ 300 വരെയും അതിന് മുകളിലുള്ളതുമായ റീച്ചാര്‍ജുകള്‍ക്ക് നിലവില്‍ മൂന്ന് രൂപ നൽകണം. നൂറില്‍ താഴെയുള്ള റീച്ചാര്‍ജുകള്‍ക്ക് ഫീസ്‌ ഈടാക്കുന്നില്ല. എന്നാൽ കമ്പനിയാണ് ഓരോ റീച്ചാർജുകൾക്കും എത്ര തുക അധിമായി ഈടാക്കണമെന്നത് തീരുമാനിക്കുന്നത്. ഇക്കാര്യത്തില്‍ കമ്പനിക്ക് വിവേചനാധികാരം ഉണ്ടെന്നും ഗൂഗിള്‍ അറിയിച്ചു.

More Stories from this section

family-dental
witywide