ന്യൂഡൽഹി: ഡീപ്ഫേക്ക് വിഷയത്തില്‍ നടപടി കടുപ്പിച്ച് കേന്ദ്ര സർക്കാർ. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലെ ഡീപ്ഫേക്ക് ഭീഷണികള്‍ പരിശോധിക്കാനും ഓണ്‍ലൈനില്‍ വ്യാജ ഉള്ളടക്കം കണ്ടെത്തുമ്പോള്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുന്നതില്‍ പൗരന്മാരെ സഹായിക്കാനും സര്‍ക്കാര്‍ ഒരു പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്റര്‍നെറ്റില്‍ ഡീപ്ഫേക്ക് വീഡിയോകള്‍ വ്യാപകമായതിന്റെ പശ്ചാത്തലത്തിലാണ് നീക്കം.
നേരത്തെ രശ്മിക മന്ദാന, കത്രീന കൈഫ്, കജോള്‍ എന്നിവരുള്‍പ്പെടെയുള്ള ബോളിവുഡ് അഭിനേതാക്കളുടെ ഡീപ്‌ഫേക്ക് വീഡിയോകള്‍ ഓണ്‍ലൈനില്‍ വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് സർക്കാരിന്റെ പുതിയ നീക്കം.
സാമൂഹ്യമാധ്യമങ്ങൽ ഐടി നിയമം ലംഘിക്കുന്നതുമായി ബന്ധപ്പെട്ട് ആശങ്കകള്‍ അറിയിക്കാന്‍ ഉപഭോക്താക്കള്‍ക്കായി ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം ഒരു വെബ്‌സൈറ്റ് വികസിപ്പിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഐടി നിയമ ലംഘനമാണോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയും പരാതി നല്‍കുന്നതിനുള്ള സഹായം നല്‍കുകയും ചെയ്യും.
ഡീപ്പ് ഫേക്കുകള്‍ നിര്‍മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്താല്‍ 1 ലക്ഷം രൂപ പിഴയും മൂന്ന് വര്‍ഷം ജയില്‍ ശിക്ഷയും അനുഭവിക്കേണ്ടി വരുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.