കൊച്ചി: കുസാറ്റ് ക്യാമ്പസില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാലു പേര്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. ദുരന്തത്തില്‍ തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എല്ലാ തരത്തിലുള്ള നടപടികളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പൊലീസ് ഫോറന്‍സിക് സംഘം ഉള്‍പ്പെടെ ദുരന്തം ഉണ്ടായ സ്ഥലത്തെത്തി ഇന്നലെ പരിശോധന നടത്തിയിരുന്നു.
സംഗീത പരിപാടി സംഘടിപ്പിച്ചതില്‍ ഏതെങ്കിലും തരത്തിലുള്ള പിഴവുണ്ടായിട്ടുണ്ടോയെന്ന് സര്‍വകലാശാലയും അന്വേഷണം ആരംഭിച്ചു. അന്വേഷണം സംബന്ധിച്ച് സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ഉടന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിക്കും. അതേസമയം അപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശി സാറാ തോമസിന്റെ സംസ്‌കാരം ഇന്ന് നടക്കും. അപകടത്തില്‍ അതിഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ വെന്റിലേറ്ററിലാണ്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേര്‍ ഐസിയുവില്‍ ചികിത്സയിലാണ്. സാരമായ പരുക്കുകളോടെ 42 പേര്‍ വിവിധ ആശുപത്രികളിലും ചികിത്സയിലുണ്ട്.
ഓഡിറ്റോറിയത്തില്‍ ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെയുണ്ടായ അനിയന്ത്രിതമായ തിരക്കില്‍പ്പെട്ടാണ് അപകടം സംഭവിച്ചത്. പെട്ടന്ന് മഴ പെയ്തതോടെ നിരവധി ആളുകള്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കറിയതാണ് അപകടകാരണം. ആദ്യം കുറച്ചു പേര്‍ താഴെ വീണതോടെ പിന്നീട് മുകളിലേക്ക് നിരവധിയാളുകള്‍ വീണാണ് അപകടം സംഭവിച്ചത്. കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ മെക്കാനിക്കല്‍ വിഭാഗം സംഘടിപ്പിച്ച ഫെസ്റ്റിനിടെയാണ് അപകടമുണ്ടായത്. ശ്വാസം മുട്ടിയാണ് നാല് പേരും മരിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.