വാഷിങ്ടൺ: ഫെഡറൽ ഏജൻസികൾക്ക് ധനസഹായം നൽകുന്നതിനുള്ള സമയപരിധി ശനിയാഴ്ച അർധരാത്രിയോടെ അവസാനിക്കുമ്പോൾ യുഎസ് സർക്കാർ വീണ്ടും ഒരു അടച്ചുപൂട്ടലിലേക്ക്.
കഴിഞ്ഞ ദശാബ്ദത്തിനിടയിൽ നടക്കുന്ന നാലാമത്തെ അടച്ചുപൂട്ടൽ, വിമാന യാത്ര മുതൽ ദേശീയ പാർക്കുകൾ, വിവാഹ ലൈസൻസുകൾ എന്നിവയെ വരെ സാരമായി ബാധിച്ചേക്കാം.
ഭൂരിഭാഗം സർക്കാർ ജീവനക്കാരും ശമ്പളമില്ലാതെ പിരിച്ചുവിടപ്പെടുകയും നിർണായക പോഷകാഹാര പരിപാടികൾ നിർത്തലാക്കുകയും ചെയ്യും.
യുഎസ് ജനപ്രതിനിധി സഭയിലെ കടുത്ത വലതുപക്ഷ കലാപത്തെ തുടർന്നാണിത്.
ഡെമോക്രാറ്റുകൾക്ക് സെനറ്റ് ഒരു സീറ്റിൽ മാത്രമുള്ളപ്പോൾ റിപ്പബ്ലിക്കൻമാർ നേരിയ ഭൂരിപക്ഷത്തിനാണ് സഭ നിയന്ത്രിക്കുന്നത്.
എന്താണ് സര്‍ക്കാര്‍ സ്‌തംഭനം അഥവ ഗവണ്‍മെന്‍റ് ഷട്ട്‌ഡൗണ്‍?
പ്രസിഡന്‍റ് ഒപ്പുവച്ചിട്ടുള്ള, സാമ്പത്തികവുമായി ബന്ധപ്പെട്ട നിയമനിര്‍മാണം പാസാക്കുന്നതില്‍ സഭ പരാജയപ്പെടുന്ന ഘട്ടങ്ങളിലാണ് സര്‍ക്കാര്‍ അടച്ചുപൂട്ടലിന് നിര്‍ബന്ധിക്കപ്പെടുന്നത്. യുഎസിന്‍റെ കാര്യത്തില്‍, രാജ്യത്തെ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ധനസഹായം നല്‍കുന്നതിന് നിയമനിര്‍മാതാക്കള്‍ 12 വ്യത്യസ്‌ത ബില്ലുകള്‍ പാസാക്കേണ്ടതുണ്ട്. വളരെയധികം സമയം എടുത്തേക്കാവുന്ന പ്രക്രിയ ആണിത്. ബില്‍ പാസാകുന്ന കാലയളവില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ തുടരാനായി സഭ പലപ്പോഴും ഒരു താത്‌കാലിക വ്യവസ്ഥ പാസാക്കുന്നു. ഇതിനെ കൗണ്ടിങ് റെസല്യൂഷന്‍ അല്ലെങ്കില്‍ സിആര്‍ എന്നാണ് പറയുന്നത്.
ബില്‍ പാസാകുന്നത് വീണ്ടും നീളുകയാണെങ്കില്‍, ഫെഡറല്‍ ഏജന്‍സികള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കും. കൂടാതെ സര്‍ക്കാര്‍ സ്‌തംഭനം നിലനില്‍ക്കുന്നിടത്തോളം കാലം ജീവനക്കാര്‍ക്ക് ശമ്പളവും നല്‍കില്ല. എന്നാല്‍ എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍, ലോ എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫിസര്‍മാര്‍ തുടങ്ങിയ പൊതു സുരക്ഷയ്‌ക്ക് അത്യാവശ്യമായ ചില ജീവനക്കാര്‍ മാത്രമാണ് ജോലിയില്‍ തുടരുക. 2019ലെ ഒരു നിയമപ്രകാരം സാമ്പത്തിക പ്രതിസന്ധി പരിഹരിച്ച് കഴിഞ്ഞാല്‍ മാത്രമാണ് ഇവര്‍ക്കുള്ള ശമ്പളം ലഭിക്കുക.
അമേരിക്കയില്‍ സര്‍ക്കാര്‍ അടച്ചുപൂട്ടല്‍ എപ്പോള്‍? എത്രനാള്‍ ഇങ്ങനെ?
നിലവിലെ സാമ്പത്തിക ബില്‍ ഒക്‌ടോബര്‍ ഒന്നിന് അവസാനിക്കും. അമേരിക്കയില്‍ ഫെഡറല്‍ ബജറ്റ് വര്‍ഷം ആരംഭിക്കുന്നത് ഒക്‌ടോബര്‍ ഒന്നിനാണ്. പ്രസിഡന്‍റ് ഒപ്പുവയ്‌ക്കുന്ന സാമ്പത്തിക സഹായ ബില്‍ പാസാക്കാന്‍ സഭയ്‌ക്ക് സാധിച്ചില്ലെങ്കില്‍ നാളെ (ഒക്‌ടോബര്‍ 1) ഉച്ചയ്‌ക്ക് 12:01 ന് യുഎസില്‍ അടച്ചുപൂട്ടല്‍ സംഭവിക്കും. ഈ സാഹചര്യം എത്രനാള്‍ നീളുമെന്നതില്‍ യാതൊരു വ്യക്തതയുമില്ല.അതേസമയം, ഡെമോക്രാറ്റിക് നിയന്ത്രണത്തിലുള്ള സെനറ്റും റിപ്പബ്ലിക്കന്‍ നിയന്ത്രണത്തിലുള്ള സഭയും ഈ പ്രതിസന്ധിയില്‍ നിന്ന് ഒഴിയാന്‍ വ്യത്യസ്‌തമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഏജന്‍സികള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനായി വലതുപക്ഷ യാഥാസ്ഥിതികരില്‍ നിന്ന് ഏതെങ്കിലും തരത്തിലുള്ള പിന്തുണ നേടാന്‍ സ്‌പീക്കര്‍ കെവിന്‍ മക്കാര്‍ത്തി കഠിന ശ്രമങ്ങളും നടത്തുന്നുണ്ട്.
അടച്ചുപൂട്ടല്‍ ബാധിക്കുന്നത് ആരെ?
സര്‍ക്കാര്‍ സംവിധാനങ്ങള്‍ അടച്ചുപൂട്ടുമ്പോള്‍ ദശലക്ഷകണക്കിന് ഫെഡറല്‍ ജീവനക്കാരാണ് പ്രധാനമായും പ്രതിസന്ധി നേരിടുക. താത്‌കാലികമായി ജോലി നഷ്‌ടമാകുന്നതോടെ ശമ്പളം ലഭിക്കാതെ വരികയും ഇവര്‍ സാമ്പത്തിക പ്രതിസന്ധിയില്‍ ആകുകയും ചെയ്യും. രാജ്യത്തെ ഏകദേശം രണ്ട് ദശലക്ഷം സൈനികര്‍ക്കും അതിലധികം വരുന്ന സിവിലിയന്‍ ജീവനക്കാര്‍ക്കും ഈ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരും. ഏകദേശം 60 ശതമാനം സര്‍ക്കാര്‍ ജീവനക്കാരും പ്രതിരോധം, വെറ്ററന്‍ അഫേഴ്‌സ്, ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്‍റ് മേഖലകളിലാണ്.
സൈന്യത്തില്‍ സജീവ സൈനികരും റിസര്‍വിസ്റ്റുകളും ജോലിയില്‍ തുടരുമ്പോള്‍ പ്രതിരോധ വകുപ്പിലെ ജീവനക്കാരുടെ പകുതിയില്‍ അധികം, അതായത് ഏകദേശം 4,40,000 ആളുകള്‍ താത്‌കാലിക അവധിയിലാകും. എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്കുള്ള പുതിയ പരിശീലനം നിര്‍ത്തലാക്കുമെന്നും 10,000 കണ്‍ട്രോളര്‍മാര്‍ക്ക് അവധി നല്‍കുമെന്നും യുഎസ് ഗതാഗത സെക്രട്ടറി പീറ്റ് ബട്ടിഗീഗ് പറഞ്ഞു.
ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ക്കപ്പുറം അടച്ചുപൂട്ടല്‍ സര്‍ക്കാര്‍ സേവനങ്ങളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കുക. ക്ലിനിക്കല്‍ മെഡിക്കല്‍ ട്രയലുകള്‍, തോക്ക് കൈവശം വയ്‌ക്കുന്നത് സംബന്ധിച്ച അനുമതി, പാസ്‌പോര്‍ട്ട് തുടങ്ങിയ സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് കാലതാമസം നേരിടും. ദരിദ്രരായ 10,000 ത്തിലധികം കുട്ടികള്‍ക്ക് സഹായകമാകുന്ന ഹെഡ് സ്റ്റാര്‍ട്ട് പദ്ധതിയും പ്രതിസന്ധിയിലാകും. ദേശീയ പാര്‍ക്കുകള്‍ അടയ്‌ക്കും, ടൂറിസ്റ്റ് സേവനങ്ങള്‍ പ്രതിസന്ധിയിലാകും, സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യാപാരികള്‍ മാന്ദ്യം നേരിടേണ്ടി വരും തുടങ്ങിയ സാഹചര്യവും ഉടലെടുക്കും. റിപ്പോര്‍ട്ട് അനുസരിച്ച് യാത്രാ മേഖലയ്‌ക്ക് മാത്രം പ്രതിദിനം 140 മില്യണ്‍ ഡോളറിന്‍റെ നഷ്‌ടമാണ് സംഭവിക്കുക. അടച്ചുപൂട്ടല്‍ ഓരോ ആഴ്‌ചയും സാമ്പത്തിക വളര്‍ച്ചയെ 0.2 ശതമാനം കുറയ്‌ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പ്രതിസന്ധി എങ്ങനെ പരിഹരിക്കാം?
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സഭ പണം അനുവദിക്കേണ്ടതുണ്ട്. സഭയുടെ ഉത്തരവാദിത്തമാണ് അത്. ബില്ലില്‍ പ്രസിഡന്‍റ് ഒപ്പുവയ്‌ക്കുകയും വേണം. ഇതിനായി സെനറ്റും സഭയും സംയുക്ത തീരുമാനം എടുക്കണം. ഇരുപക്ഷവും ശക്തരായതിനാല്‍ അഭിപ്രായ ഭിന്നത അടച്ചുപൂട്ടലിന്‍റെ കാഠിന്യം വര്‍ധിപ്പിക്കും. ഇനി അടച്ചുപൂട്ടല്‍ നീണ്ടുനിന്നാല്‍ ഇരു പക്ഷവും തമ്മിലുള്ള തര്‍ക്കം അവസാനിപ്പിക്കാന്‍ സമ്മര്‍ദം ഏറും.