തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന സർക്കാറിനെ വീണ്ടും രൂക്ഷമായി വിമർശിച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നീന്തൽ കുളത്തിനും ആഘോഷത്തിനും സർക്കാറിന് പണമുണ്ടെന്നും എന്നാൽ, റേഷന് പണമില്ലെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കുറ്റപ്പെടുത്തി.
“പെൻഷന് പണം അനുവദിക്കുന്നില്ല. ശമ്പളത്തിന് പണം അനുവദിക്കുന്നില്ല. എന്നാൽ, നമ്മൾ വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നു, നീന്തൽ കുളം നിർമാണത്തിന് ദശലക്ഷം ചെലവഴിക്കുന്നു,” ഗവർണർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക ബാധ്യതകള്‍ കുമിഞ്ഞുകൂടുകയാണ്. അതിനൊപ്പം വാര്‍ഷിക പദ്ധതി പണമില്ലാതെ ഇഴയുന്നു. വകുപ്പുകള്‍ക്ക് കൊടുക്കാന്‍ പണമില്ല. ട്രഷറിയില്‍ കടുത്ത നിയന്ത്രണം തുടരുന്നു. കരാറുകാര്‍ക്ക് 16,000 കോടി കുടിശ്ശികയാണ്.
സാമൂഹിക സുരക്ഷ പെന്‍ഷന്‍ നാല് മാസം കുടിശ്ശികയുള്ളതില്‍ ഒരു മാസത്തേത് കൊടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍, ശമ്പളപരിഷ്‌കരണ കുടിശ്ശിക നല്‍കിയിട്ടില്ല. പുതിയ സര്‍ക്കാര്‍ വന്ന ശേഷമുള്ള ക്ഷാമബത്തയും കുടിശ്ശികയാണ്. കെഎസ്ആര്‍ടിസിയിലും മൂന്ന് മാസമായി പെന്‍ഷന്‍ കുടിശ്ശികയാണ്. സപ്ലൈകോക്ക് 1524 കോടി രൂപ അടിയന്തരമായി നല്‍കണം. 120 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് സബ്‌സിഡി നല്‍കിയില്ലെങ്കില്‍ വൈദ്യുതി നിരക്ക് വര്‍ധന ഇത്തരക്കാര്‍ക്ക് വലിയ ആഘാതമുണ്ടാക്കും.