ഗവർണർ കാലിക്കറ്റ് ക്യാംപസിനുള്ളിൽ: പുറത്ത് എസ്എഫ്ഐ പ്രതിഷേധം, ലാത്തിച്ചാർജ്

കേരളത്തിലെ ക്യാമ്പസുകളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന എസ്എഫ്ഐ വെല്ലുവിളിക്ക് പിന്നാലെ മൂന്നു ദിവസം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ താമസിക്കാനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ യൂണിവേഴ്സിറ്റി ക്യാംപസിൽ എത്തി. വൻ പോലീസ് സുരക്ഷയിലാണ് ഗവർണര്‍ സർവകലാശാലയില്‍ പ്രവേശിച്ചത്. സർവകലാശാലയുടെ പരിസര പ്രദേശത്ത് കനത്ത പോലീസ് സന്നാഹമാണ് നിലവില്‍. ഗവർണറെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി വീശി. നിരവധി എസ്എഫ്ഐ പ്രവർത്തകർക്ക് പരുക്കേറ്റിട്ടുണ്ട്. സർവകലാശാലയുടെ പുറത്തെ റോഡില്‍ എസ്എഫ്ഐ പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.

രാത്രി ഏഴ് മണിയോടെയാണ് ഗവർണർ കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. 7.20ഓടെ ഗവർണർ സർവകലാശാലയിലെ ഗസ്റ്റ് ഹൗസിലെത്തി. കരിപ്പൂർ മുതല്‍ സർവകലാശാല വരെയുള്ള 10 കിലോ മീറ്റർ ദൂരത്തില്‍ കനത്ത സുരക്ഷയായിരുന്നു പോലീസ് ഒരുക്കിയിരുന്നത്.

എസ്എഫ്ഐ പ്രവർത്തകരുടെ പ്രതിഷേധത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ചില ശബ്ദങ്ങള്‍ മാത്രമാണ് കേട്ടതെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പ്രതികരിച്ചു. “എന്റെ കാറിന് സമീപം ആരെത്തിയാലും ഞാന്‍ പുറത്തിറങ്ങും. ആക്രമിക്കണമെങ്കില്‍ എന്നെയാകാം. കാർ ആക്രമിക്കാന്‍ അനുവദിക്കില്ല. അത് സർക്കാരിന്റെ സ്വത്താണ്. ഇവരെല്ലാം ക്രിമിനലുകളാണ്, മുഖ്യമന്ത്രിയാണ് ഇവരുടെ പിന്നില്‍. നിർണായ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്,” ഗവർണർ പറഞ്ഞു.

വൈകിട്ട് നാല് മണിയോടെ കാലിക്കറ്റ് സര്‍വകലാശാല ക്യാമ്പസില്‍ എസ്എഫ്‌ഐ പ്രതിഷേധം ആരംഭിച്ചു. ക്യാമ്പസിന് അകത്ത് നിന്നും ഗേറ്റിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ കുത്തിയിരുന്നു പ്രതിഷേധിച്ചു. പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ബലപ്രയോഗത്തിലൂടെയാണ് എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയത്. എസ്എഫ് ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെയായിരുന്നു പോലീസ് നടപടി.

Governor Arif Mohammed Khan in Calicut University Campus, SFI protest continues

More Stories from this section

family-dental
witywide