ബില്ലുകള്‍ വൈകിപ്പിക്കുന്നതില്‍ ഹര്‍ജി; സുപ്രീം കോടതി പരാമര്‍ശത്തോടു പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

കൊച്ചി: നിയസഭയുടെ അധികാരപരിധിയില്‍ ഗവര്‍ണര്‍മാര്‍ കൈകടത്തുന്നതിനെതിരായ സുപ്രീം കോടതി നിരീക്ഷണത്തോടു പ്രതികരിക്കാനില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീം കോടതി എന്തു പറഞ്ഞാലും അത് എല്ലാവര്‍ക്കും ബാധകമാണ്. അത് അനുസരിക്കാന്‍ ബാധ്യസ്ഥനുമാണ്. എന്നാല്‍ കേരളത്തിന്റെ വിഷയം സുപ്രീം കോടതി പരിഗണിച്ചിട്ടില്ലെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും ഗവര്‍ണര്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.

പൊതുഖജനാവിനു ചെലവു വരുന്ന ബില്‍ അവതരിപ്പിക്കുന്നതിനു മുമ്പ് ഗവര്‍ണറുടെ അനുമതി തേടണമെന്നാണ് ഭരണഘടനയില്‍ പറയുന്നത്. എന്നാല്‍ സര്‍വകലാശാലാ ബില്‍ കൊണ്ടുവന്നപ്പോള്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടിയില്ല. ഇത് ഭരണഘടനാ ലംഘനമാണ്. ഭരണഘഠനാ ലംഘത്തിന് താന്‍ കൂട്ടുനില്‍ക്കണമെന്നാണോ പറയുന്നതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോടു ചോദിച്ചു.

അതേസമയം ബില്ലുകള്‍ ഒപ്പിടാതെ ഗവര്‍ണര്‍ വൈകിപ്പിക്കുന്നതിനെതിരെ കേരളം സമര്‍പ്പിച്ച ഹര്‍ജി കോടതി പരിഗണിക്കാനിരിക്കുന്നതേയുള്ളു. ഇന്ന് തമിഴ്നാട്, പഞ്ചാബ് സര്‍ക്കാരുകള്‍ സമര്‍പ്പിച്ച വ്യത്യസ്ത ഹര്‍ജികള്‍ പരിഗണിക്കവെ ഈ വിഷയത്തില്‍ ഗവര്‍ണര്‍മാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് സുപ്രീംകോടതി നടത്തിയത്. നിയമസഭ പാസാക്കുന്ന ബില്ലുകള്‍ പിടിച്ചുവയ്ക്കാന്‍ ഗവര്‍ണര്‍ക്കെന്താണ് അധികാരമെന്ന് തമിഴ്നാടിന്റെ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.

പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജിയില്‍ വാദം കേട്ട കോടതി, ഗവര്‍ണര്‍ തീ കൊണ്ടാണ് കളിക്കുന്നതെന്നാണ് അഭിപ്രായപ്പെട്ടത്. ‘തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളാണ് ബില്ലുകള്‍ പാസാക്കിയത്. അത് തടയാന്‍ ഗവര്‍ണര്‍ക്ക് എന്താണ് അധികാരം. ഇനങ്ങനെയാണെങ്കില്‍ പാര്‍ലമെന്ററി ജനാധിപത്യമായി എങ്ങനെ തുടരുമെന്നും’ കോടതി ചോദിച്ചു. സ്പീക്കര്‍ വിളിച്ചുചേര്‍ത്ത സഭ സമ്മേളനം അസാധുവാണെന്ന് പറയാന്‍ ഗവര്‍ണര്‍ക്കെന്താണ് അധികാരമെന്നും കോടതി ആരാഞ്ഞു.

More Stories from this section

family-dental
witywide