ഗവർണർ രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റി: എം.കെ സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് ഗവർണർ ആർ എൻ രവി ബിജെപിക്കാരനാണെന്നും അദ്ദേഹം രാജ്ഭവനെ ബിജെപി ഓഫീസാക്കി മാറ്റിയെന്നും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. ഗവർണറുടെ വസതിക്ക് നേരെയുണ്ടായ പെട്രോൾ ബോംബ് ആക്രമണത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു സ്റ്റാലിന്‍റെ പരാമർശം.

സ്വാതന്ത്ര്യ സമര സേനാനി മുത്തുരാമലിംഗ തേവറിന് ആദരാഞ്ജലി അർപ്പിച്ച ശേഷം രാമനാഥപുരം ജില്ലയിലെ പശുമ്പോൻ ഗ്രാമത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സ്റ്റാലിൻ. പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഗവർണറുടെ വസതിക്ക് പുറത്താണ് പ്രതി പെട്രോൾ ബോംബെറിഞ്ഞതെന്നും അകത്തല്ലെന്നും വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

“പൊലീസ് ഉദ്യോഗസ്ഥർ തന്നെ മാധ്യമപ്രവർത്തകരെ വിളിച്ച് ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ കാണിച്ചതാണ്. ആക്രമണം നടന്നത് വസതിക്ക് ഉള്ളിൽ വെച്ചാണ് നടന്നതെന്ന വ്യാജപ്രചരണം നടത്തുന്നത് രാജ്ഭവനിൽ നിന്ന് തന്നെയാണ്. ഗവർണർ ഒരു ബിജെപിക്കാരനാവുകരയും രാജ്ഭവൻ ബിജെപി ഓഫീസ് ആയി മാറുകയും ചെയ്തത് നാണക്കോടാണ്,” അദ്ദേഹം പറഞ്ഞു.

ദ്രാവിഡവാദത്തെക്കുറിച്ചുള്ള ഗവർണറുടെ ആവർത്തിച്ചുള്ള വിമർശനത്തിനും സ്റ്റാലിൻ മറുപടി നൽകി. ആര്യന്മാർ ചിലയാളുകളെ കുറിച്ച് മാത്രമാണ് സംസാരിക്കാൻ ശ്രമിക്കുന്നതെന്നും എന്നാൽ ദ്രാവിഡർ എല്ലാവരേയും ഒരുപോലെ കാണുന്നവരാണെന്നും സ്റ്റാലിൻ പറഞ്ഞു.

കഴിഞ്ഞ ദിവസമായിരുന്നു തമിഴ്‌നാട്ടിൽ ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് ബോംബെറിഞ്ഞത്. രാജ്‌ഭവന്റെ പ്രധാന ഗേറ്റിലേക്കാണ് പെട്രോൾ ബോംബ് എറിഞ്ഞത്. സംഭവത്തിൽ കറുക്ക വിനോദ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.

More Stories from this section

family-dental
witywide