
തിരുവന്തപുരം: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഡോ. ഷഹനയുടെ വീട് സന്ദര്‍ശിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇന്ന് ഉച്ചയോടെയാണ് ഗവര്‍ണര്‍ ഷഹനയുടെ വീട്ടിലെത്തിയത്. ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസെടുക്കാന്‍ പൊലീസ് വൈകിയെങ്കില്‍ റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്ന് പണം ആവശ്യപ്പെടുന്നത് ക്രൂരമായ സമ്പ്രദായമാണെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ അഭിപ്രായത്തോട് താനും പൂര്‍ണമായി യോജിക്കുന്നുവെന്നും ഗവര്‍ണര്‍ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞതുപോലെ, സ്ത്രീധനവുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ മുന്നോട്ടുവെക്കുമ്പോള്‍ അതിനെ തള്ളിക്കളയാനുള്ള ശക്തി പെണ്‍കുട്ടികള്‍ക്ക് ഉണ്ടാവണം. പെണ്‍കുട്ടികളെ മനക്കരുത്തുള്ളവരാക്കുക എന്നത് രക്ഷിതാക്കളുടേയും അധ്യാപകരുടേയും സമൂഹത്തിന്റേയും ഉത്തരവാദിത്വമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഈ സംഭവം നടന്നത് കേരളത്തിലാണ് എന്നത് വളരെ ഏറെ ദുഃഖിപ്പിക്കുന്നുവെന്നും ഗവര്‍ണര്‍ പ്രതികരിച്ചു. സ്ത്രീധനത്തിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പെണ്‍കുട്ടികള്‍ തയാറാകണം. പെണ്‍കുട്ടിക്കിടയില്‍ കൂടുതല്‍ ബോധവത്കരണം നടത്തേണ്ടതുണ്ടെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.