വിമാനയാത്രാ നിരക്ക് തങ്ങളുടെ നിയന്ത്രണത്തിലല്ല: കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: സ്വകാര്യവത്കരണത്തോടെ വിമാനയാത്രാ നിരക്ക് നിശ്ചയിക്കുന്നതിന്റെ നിയന്ത്രണം തങ്ങള്‍ക്കല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

സര്‍വീസിന്റെ ചെലവ്, സ്വഭാവം, ന്യായമായ ലാഭം, തുടങ്ങിയ ഘടകങ്ങള്‍ക്കനുസരിച്ച് എയര്‍ലൈനുകള്‍ക്ക് യാത്രാനിരക്ക് നിശ്ചയിക്കാം, അതില്‍ സര്‍ക്കാര്‍ ഇടപെടില്ല. യാത്ര ചെയ്യുന്ന ദിവസം, സമയം തുടങ്ങിയവ അടിസ്ഥാനമാക്കി നിരക്കില്‍ മാറ്റം വരുത്തുന്ന രാജ്യാന്തര രീതിയാണ് ഇവിടെയും സ്വീകരിച്ചിട്ടുള്ളത്.

വിപണി സാധ്യതകളും മത്സരസ്വഭാവവും ഇതിലുണ്ട്. മുന്‍കൂട്ടി ബുക്ക് ചെയ്യുമ്പോള്‍ കുറഞ്ഞ നിരക്കും ദിവസം അടുക്കുന്തോറും ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. അടിയന്തര സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാറുണ്ട്. കോവിഡ് വ്യാപനത്തിനുശേഷം ലോകമെങ്ങും വിമാനനിരക്കില്‍ വര്‍ധനയുണ്ടായി.

റഷ്യയും യുക്രെയിനുമായുള്ള യുദ്ധവും നിരക്കു വര്‍ധനയ്ക്ക് കാരണമായിട്ടുണ്ട് നിയന്ത്രണാതീതമായ സാഹചര്യങ്ങളില്‍ എയര്‍ലൈനുകള്‍ അമിത നിരക്ക് ഈടാക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയം നിശ്ചിതകാലത്തേക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാറുണ്ടന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

Govt. has no control over fixing airfares Centre tells HC