തിരുവനന്തപുരം: കാര്‍ഷിക വായ്പ ലഭിക്കാതെ വന്നതിനെത്തുടര്‍ന്ന് ആലപ്പുഴയില്‍ കര്‍ഷകന്‍ കെ ജി പ്രസാദ് ആത്മഹത്യ ചെയ്തതില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കര്‍ഷകര്‍ വലിയ ബുദ്ധിമുട്ടു നേരിടുമ്പോള്‍ സര്‍ക്കാര്‍ ആഘോഷങ്ങളുടെ പേരില്‍ ധൂര്‍ത്തടിക്കുകയാണെന്ന് ഗവര്‍ണര്‍ ആരോപിച്ചു. പെന്‍ഷന്‍ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുമ്പോള്‍ മന്ത്രിമാരുടെ പഴ്സണല്‍ സ്റ്റാഫിനു വേണ്ടി വന്‍തുക ചെലവഴിക്കുകയാണെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.
പാവപ്പെട്ട കര്‍ഷകരെയും സ്ത്രീകളെയും സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കുകയാണെന്നും ഗവര്‍ണര്‍ ആരോപിച്ചു. ആത്മഹത്യ ചെയ്ത പ്രസാദിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന തിരുവല്ലയിലെ ആശുപത്രിയില്‍ ഗവര്‍ണര്‍ എത്തും. തുടര്‍ന്ന് അദ്ദേഹം പ്രസാദിന്റെ കുടുംബത്തെ സന്ദര്‍ശിക്കും. കാര്‍ഷിക വായ്പ കിട്ടാത്തതിനെത്തുടര്‍ന്ന് കടക്കെണിയിലായ സാഹചര്യത്തിലാണ് തകഴി സ്വദേശി പ്രസാദ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഭാരതീയ കിസാന്‍ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റാണ് പ്രസാദ്.
തകഴി കുന്നുമ്മ അംബേദ്കര്‍ കോളനിയിലാണ് പ്രസാദ് താമസിക്കുന്നത്. കൃഷി ആവശ്യത്തിനായുള്ള കാര്‍ഷിക വായ്പക്ക് വേണ്ടി പ്രസാദ് ബാങ്കില്‍ പോയിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശികയുള്ളതിനാല്‍ വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്ക് അറിയിച്ചു വഴികളെല്ലാം അടഞ്ഞതോടെ പ്രസാദ് ആത്മഹത്യ ചെയ്യുകയായിരുന്നു. കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റ് കൂടിയാണ് പ്രസാദ്. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്.