ഡല്‍ഹി: രാജ്യത്ത് ഉള്ളിവില കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. സബ്‌സിഡി നിരക്കില്‍ ഉള്ളി 25 രൂപയ്ക്ക് വില്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി 170 നഗരങ്ങളിലായി 685 കേന്ദ്രങ്ങളില്‍ ഉള്ളി വില്‍പ്പന സ്റ്റാളുകള്‍ ആരംഭിച്ചു. കൂടാതെ എന്‍സിസിഎഫ്, നാഫെഡ് കേന്ദ്രങ്ങള്‍ വഴിയും 25 രൂപയ്ക്ക് ഉള്ളി വിതരണം ചെയ്യും. തെരഞ്ഞെടുപ്പ് വരാനിരിക്കെ ഉള്ളിവില ഉയരുന്നത് കേന്ദ്രത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് ഇടപെടല്‍.
രണ്ടാഴ്ചയ്ക്കിടെ ഉള്ളിയുടെ വില രണ്ടിരട്ടിയായി വര്‍ധിച്ച് കിലോയ്ക്ക് 90 രൂപയുടെ അടുത്തെത്തിയ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടുന്നത്. രണ്ടാഴ്ച മുമ്പ് വരെ മുപ്പത്തി അഞ്ച് രൂപയില്‍ താഴെയായിരുന്നു ഉള്ളിവിലയെങ്കില്‍ ഇത് പിന്നീട് 90 രൂപ വരെ എത്തിയിരുന്നു. മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഉള്ളി ഉല്‍പാദനം കുറയുന്നതാണ് വില കുത്തനെ ഉയരാന്‍ കാരണമായത്. സബ്‌സിഡി നിരക്കില്‍ വില്‍ക്കുന്നതോടെ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ ഉള്ളി ലഭ്യമാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
ഡല്‍ഹി എന്‍സിആര്‍, ജയ്പൂര്‍,ലുധിയാന, വാരണാസി, ശ്രീനഗര്‍ എന്നിവിടങ്ങളിലെ 71 സ്ഥലങ്ങളില്‍ ഇപ്പോള്‍ മൊബൈല്‍ വാനുകള്‍ വഴി നാഷണല്‍ കോഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ ഫെഡറേഷന്‍ (എന്‍സിസിഎഫ്) ഉള്ളി വിലക്കിഴിവില്‍ വില്‍ക്കുന്നു. ഭോപ്പാല്‍, ഇന്‍ഡോര്‍, ഭുവനേശ്വര്‍, ഹൈദരാബാദ്, ബെംഗളുരു തുടങ്ങിയ നഗരങ്ങളില്‍ മൊബൈല്‍ വാനുകള്‍ വഴിയും കിഴിവോടെ ഉള്ളി വില്‍പ്പന നടത്തുന്നുണ്ട്.
ഈ മാസം ഏകദേശം ഒരു ലക്ഷം ടണ്‍ ഉള്ളി ചില്ലറ വില്‍പ്പന വിപണിയില്‍ ഇറക്കുമെന്ന് യൂണിയന്‍ കണ്‍സ്യൂമര്‍ അഫയേഴ്‌സ് സെക്രട്ടറി രോഹിത് കുമാര്‍ സിംഗ് പറഞ്ഞു. പഴങ്ങളുടേയും പച്ചക്കറികളുടേയും ഏഷ്യയിലെ ഏറ്റവും വലിയ മൊത്ത വ്യാപാര വിപണിയായ ഡല്‍ഹിയിലെ ആസാദ്പൂര്‍ മണ്ടിയില്‍ ഉള്ളിയുടെ മൊത്തവില കഴിഞ്ഞ കിലോയ്ക്ക് 60-65 ആയിരുന്നത് 30-40 രൂപയായി കുറഞ്ഞു. എങ്കിലും ചില്ലറ വിപണിയില്‍ ഇതിന്റെ മാറ്റം കണ്ടുതുടങ്ങിയിട്ടില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ വില കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ പറഞ്ഞു.
Govt to release more onions at Rs 25 a kg in various cities