അങ്ങനെ അതിനും പരിഹാരമായി, കഷണ്ടിയില്‍ മുടി വളര്‍ത്തിയെന്ന് ശാസ്ത്രജ്ഞര്‍

കഷണ്ടി ഒരു വലിയ പ്രശ്‌നമാണോ എന്ന് ചോദിക്കുന്നവരോട്, മുടിയിഴ എണ്ണിയെണ്ണി ജീവിക്കുന്നവരുടെ ബുദ്ധിമുട്ട് പറഞ്ഞാ മനസിലാവുമോ എന്നാണ് തിരിച്ചു ചോദിക്കുന്നത്.

ഇന്നത്തെ കാലത്ത്, മോശം ജീവിതശൈലിയും ജനിതക കാരണങ്ങളും കാരണം, മുടികൊഴിച്ചില്‍ പ്രശ്‌നം അതിവേഗം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, എന്നാല്‍ ഇത് മുടികൊഴിച്ചില്‍ മാത്രമല്ല, യുവാക്കള്‍, ചെറുപ്രായത്തില്‍ തന്നെ കഷണ്ടിയുടെ ഇരകളായി മാറുന്നു.

കഷണ്ടി മറയ്ക്കാന്‍ ആര്‍ട്ടിഫിഷലായി മുടി വെക്കുകയും മറ്റും ചെയ്യുന്ന രീതികളും ഇന്ന് സുപരിചിതമാണ്. ഷണ്ടി മാറ്റാനാണ് ഹെയര്‍ ട്രാന്‍സ്പ്ലാന്റ് ചെയ്യുന്നത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റില്‍, വ്യക്തിയുടെ തലയുടെ മറ്റ് ഭാഗങ്ങളില്‍ നിന്ന് മുടി എടുത്ത് മുടി വളരാത്ത സ്ഥലത്ത് നടുന്നു. ഇതൊരു ജനപ്രിയ രീതിയാണ്, പക്ഷേ ഇതിന് അതിന്റേതായ അപകട ഘടകങ്ങളും ഉണ്ട്. എന്നാല്‍, കഷണ്ടിയില്‍ മുടിവളര്‍ത്താമെന്ന വ്യാജ പ്രചരണം നടത്തി പലരും പല ‘എണ്ണ’ വിദ്യകളുമായി രംഗത്തെത്തുന്നുണ്ടെങ്കിലും പരീക്ഷിച്ച് മടുത്തവര്‍ക്കറിയാം കഷണ്ടിയില്‍ മുടി വളര്‍ത്താന്‍ അങ്ങനെ അത്ഭുത എണ്ണയൊന്നും ഇല്ലെന്ന്.

എന്നാലിതാ കഷണ്ടിക്കൊരു പരിഹാരം കണ്ടെന്ന് ഇറാനില്‍ നടത്തിയ പുതിയ ഗവേഷണത്തില്‍ പറയുന്നു, കഷണ്ടി നീക്കം ചെയ്യുന്നതിനുള്ള ഒരു പുതിയ സാങ്കേതിക വിദ്യ ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ ഗവേഷണത്തില്‍, ഒരാളുടെ ശരീരത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്ത ഫാറ്റി ടിഷ്യു വഴി മുടി വീണ്ടും വളരുമെന്ന് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

ഈ അസാധാരണ സാങ്കേതികവിദ്യ പ്രത്യേകിച്ച് സ്ഥിരമായ മുടി കൊഴിച്ചിലിന് കാരണമാകുന്ന അവസ്ഥയില്‍ ഇത് നന്നായി പ്രവര്‍ത്തിക്കുന്നുവെന്നും സ്വയം രോഗപ്രതിരോധ രീതിയായി കണക്കാക്കപ്പെടുന്നുവെന്നും ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു.

എന്നാല്‍ 50 വയസ്സിനുമുമ്പ് പുരുഷ ജനസംഖ്യയുടെ പകുതിയോളം വരുന്ന പുരുഷന്മാരിലെ ഏറ്റവും സാധാരണമായ മുടികൊഴിച്ചില്‍, പുരുഷ പാറ്റേണ്‍ കഷണ്ടി എന്ന പ്രധാന പ്രശ്‌നത്തെ ചികിത്സിക്കുന്നതിന് ഇത്തരത്തിലുള്ള രീതി ഫലപ്രദമായിരിക്കുമെന്നും അവകാശവാദമുണ്ട്.

കഷണ്ടിയുള്ള നാല് പുരുഷന്മാരെയും അഞ്ച് സ്ത്രീകളെയും ഉള്‍പ്പെടുത്തിയാണ് ഗവേഷണം നടത്തിയത്. അവരുടെ തുടയില്‍ നിന്ന് എടുത്ത 20 മില്ലി ഫാറ്റി ടിഷ്യു മൂന്ന് മാസത്തെ ഇടവേളയില്‍ മൂന്ന് തവണ തലയോട്ടിയില്‍ വെച്ചുപിടിപ്പിച്ച് പ്രത്യേക രീതിയിലുള്ള ചികിത്സ നല്‍കി മുടി വളര്‍ത്തിയെടുത്തെന്നാണ് ഗവേഷണം നടത്തിയവര്‍ അവകാശപ്പെട്ടത്.

ആറുമാസത്തെ ചികിത്സയ്ക്ക് ശേഷം, ഇത്തരക്കാരുടെ മുടിയുടെ കട്ടിയില്‍ ഗണ്യമായ വര്‍ദ്ധനവ് കണ്ടു. മുടി കൊഴിയുന്നത് എത്ര എളുപ്പമാണെന്ന് കാണാന്‍, ഒരു ‘ഹെയര്‍-പുള്‍ ടെസ്റ്റ്’ നടത്തി, അതില്‍ മുടി കൊഴിച്ചില്‍ കുറയുന്നതായും കണ്ടു.

ഇറാന്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ നേതൃത്വത്തിലുള്ള ഈ ഗവേഷണത്തിന്റെ പിന്നിലുള്ളവര്‍ ഈ ചികിത്സയ്ക്ക് തലയോട്ടിയിലെ ദോഷകരമായ വീക്കം നിയന്ത്രിക്കാനും അതുവഴി മുടിയുടെ സാന്ദ്രതയും കനവും വര്‍ദ്ധിപ്പിക്കാനും കഴിയുമെന്നും കണ്ടെത്തിയെന്ന് അവകാശപ്പെട്ടു. ശാസ്ത്രജ്ഞര്‍ ‘അഡിപ്പോസ് ടിഷ്യു’ എന്ന് വിളിക്കുന്ന കൊഴുപ്പിന്റെ കുത്തിവയ്പ്പിലൂടെ മുടി വീണ്ടും വളരുമെന്ന് പറയുന്നു.

ജേണല്‍ ഓഫ് കോസ്‌മെറ്റിക് ഡെര്‍മറ്റോളജിയിലാണ് ഇത് സംബന്ധിച്ച ഗവേഷണം പ്രസിദ്ധീകരിച്ചത്.

എന്തായാലും ഇത്തരം രീതികള്‍ നടപ്പിലാക്കുമ്പോള്‍ നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ ചിലവിനെക്കുറിച്ചോ കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതുവരെ നമുക്ക് കാത്തിരാം, വലിയൊരു പ്രശ്‌ന പരിഹാരത്തിനായി.

More Stories from this section

family-dental
witywide