ടെസ്ല സ്ഥാപകൻ ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംരംഭമായ എക്സ്എഐ (xAI) വികസിപ്പിച്ചെടുത്ത ലാർജ് ലാംഗ്വേജ് ജനറേറ്റീവ് എഐ മോഡലായ ഗ്രോക്ക് ഇനി ഇന്ത്യയിലും. ഓപൺ എ.ഐയുടെ ചാറ്റ്ജിപിടിക്കും ഗൂഗിളിന്റെ ബാർഡിനും ബദലായാണ് മസ്ക്, ഗ്രോക്ക് വികസിപ്പിച്ചെടുത്തത്. ഇന്ത്യയിലെ എക്‌സിന്റെ പ്രീമിയം പ്ലസ് വരിക്കാർക്കണ് ഗ്രോക്ക് ലഭ്യമാകുന്നത്.
കൂടാതെ, പാകിസ്ഥാൻ, ഓസ്‌ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, സിംഗപ്പൂർ തുടങ്ങിയ 46 രാജ്യങ്ങളിൽ ഗ്രോക്കിന്റെ സേവനങ്ങൾ ഇപ്പോൾ ലഭ്യമാണ്. യുണൈറ്റഡ് സ്‌റ്റേറ്റ്‌സിലെ X പ്രീമിയം+ സബ്‌സ്‌ക്രൈബർമാർക്കുള്ള ഗ്രോക്ക് ആക്‌സസിന് തുടക്കം കുറിക്കുന്നുവെന്ന് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു.
യൂസർമാരുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കുമൊക്കെ തമാശരൂപേണ മറുപടി നൽകുന്ന വിധത്തിലാണ് ഗ്രോക്ക് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് മസ്‌ക് സൂചന നൽകിയിരുന്നു. എക്‌സിലെ ഡാറ്റ ഉപയോഗിച്ചാണ് ഇലോൺ മസ്കിന്റെ എഐ മോഡൽ പ്രവർത്തിക്കുന്നത്. ഇന്റർനെറ്റ് ബ്രൗസിംഗും സാധ്യമായത് കൊണ്ട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് കൃത്യമായ മറുപടിക്കായി ഇന്റർനെറ്റിൽ തിരയാനും ഗ്രോക്കിന് കഴിയും.
ഇപ്പോൾ ബീറ്റാ ഘട്ടത്തിലുള്ള ഗ്രോക് പരീക്ഷിക്കാനാഗ്രഹിക്കുന്നവർ എക്‌സിന്റെ പ്രീമിയം പ്ലസ് സബ്‌സ്‌ക്രിപ്ഷൻ എടുക്കേണ്ടതുണ്ട്. ഇന്ത്യയിൽ പ്രതിമാസം 1,300, പ്രതിവർഷം 13,600 എന്നിങ്ങനെയാണ് ചാർജ്. പരസ്യക്കാർ മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമിൽ നിന്ന് അകന്നുപോകുന്ന സാഹചര്യത്തിൽ, പരസ്യങ്ങളെ ആശ്രയിക്കുന്നത് കുറച്ച്, സബ്‌സ്‌ക്രിപ്ഷനുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണിപ്പോൾ ഇലോൺ മസ്‌ക്. എക്‌സിനെ കൂടുതൽ സജ്ജമാക്കാനൊരുങ്ങുകയാണ് മസ്‌ക്.