പാരീസ്: മനുഷ്യക്കടത്ത് സംശയിച്ച് ഇന്ത്യൻ യാത്രക്കാരുമായി ഫ്രാന്‍സില്‍ തടഞ്ഞുവെച്ച വിമാനം മുംബൈയിലേക്ക് തിരിച്ചു. എയര്‍ബസ് എ340 എന്ന വിമാനമാണ് ഫ്രഞ്ച് കോടതിയുടെ ഉത്തരവിനെ തുടർന്ന് അധികൃതർ വിട്ടയച്ചത്.
ഇന്ത്യക്കാരുള്‍പ്പെടെ 303 യാത്രക്കാരുമായാണ് റൊമാനിയൻ ചാർട്ടേഡ് കമ്പനിയായ ലെജന്‍റ് എയർലൈൻസിന്‍റെ എയർബസ് എ- 340 വിമാനം ദുബായിൽനിന്ന് നിക്കരാഗ്വയിലേക്ക് പോയത്. സാങ്കേതികത്തകരാറിനെത്തുടർന്ന് കിഴക്കൻ ഫ്രാൻസിലെ വാട്രി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോഴായിരുന്നു വിമാനം പിടികൂടിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. വിമാനത്തിലുള്ളവർ മനുഷ്യക്കടത്തിന്‍റെ ഇരകളാണെന്ന വിവരത്തെ തുടർന്നായിരുന്നു വിമാനം തടഞ്ഞുവെച്ചത്.
വിമാനത്തിലെ പലയാത്രക്കാര്‍ക്കും തങ്ങളുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നും ഇതേ തുടര്‍ന്ന് മടക്കയാത്ര അനിശ്ചിതത്വത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് വിമാനം മുംബൈയിലേക്ക് തിരിച്ചെന്ന വിവരം ലഭിച്ചത്.
തിങ്കളാഴ്ച രാത്രിയിലോ ചൊവ്വാഴ്ച പുലര്‍ച്ചയോ മുംബൈയില്‍ എത്തുമെന്നുമാണ് വിമാനം രജിസ്റ്റര്‍ ചെയ്തിട്ടുള്ള റൊമാനിയയുടെ ലെജന്റ് എയര്‍ലൈന്‍സ് നിയമോപദേശകയായ ലില്യാന ബകായോക്കോ പറയുന്നത്.