വാരണാസി: ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിലെ ശാസ്ത്രീയ സർവേ തുടരുന്നതിനും റിപ്പോർട്ട് സമർപ്പിക്കുന്നതിനും നാലാഴ്ച കൂടി സമയം നൽകണമെന്ന് ആവശ്യപ്പെട്ട് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എ.എസ്.ഐ) വാരണാസി ജില്ലാ കോടതിയിൽ ബുധനാഴ്ച അപേക്ഷ നൽകി. നേരത്തേ കോടതി അനുവദിച്ച സമയപരിധി വെള്ളിയാഴ്ച അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് എ.എസ്.ഐ സമയം നീട്ടിചോദിച്ചത്. വ്യാഴാഴ്ച കേസിൽ കോടതി വാദം കേൾക്കും.
ഗ്യാൻവാപി പള്ളി സമുച്ചയത്തിൽ സർവേ നടത്തി റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കാൻ നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന് തങ്ങൾ വാരണാസി ജില്ലാ കോടതിയോട് അപേക്ഷിക്കുകയാണെന്ന് കേന്ദ്ര സർക്കാരിന്റെ സ്റ്റാൻഡിംഗ് സർക്കാർ അഭിഭാഷകൻ അമിത് കുമാർ ശ്രീവാസ്തവ പറഞ്ഞു.
ജ്ഞാനവാപി മസ്ജിദ് നിയന്ത്രിക്കുന്ന അൻജുമൻ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിക്ക് അപേക്ഷയുടെ പകർപ്പ് ലഭിച്ചതായി അഭിഭാഷകൻ അഖ്‌ലാഖ് അഹ്മദ് സ്ഥിരീകരിച്ചു. നേരത്തേ, സെപ്റ്റംബർ എട്ടിനായിരുന്നു വാരണാസി ജില്ലാ കോടതി ഗ്യാൻവാപി മസ്ജിദ് സമുച്ചയത്തിന്റെ സർവേ പൂർത്തിയാക്കാൻ എ.എസ്.ഐക്ക് നാലാഴ്ച സമയം അനുവദിച്ചത്.