ഇന്ത്യ-കാനഡ നയതന്ത്ര തര്‍ക്കങ്ങള്‍ക്കിടെ ഇന്ത്യയിലെ ഹൈന്ദവ സമൂഹത്തിന് നവരാത്രി ആശംസകള്‍ നേര്‍ന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. ‘നവരാത്രി ആശംസകള്‍! ഹിന്ദു സമൂഹത്തിലെ അംഗങ്ങള്‍ക്കും ഈ ഉത്സവം ആഘോഷിക്കുന്ന എല്ലാവര്‍ക്കും എന്റെ ഊഷ്മളമായ ആശംസകള്‍’ എന്ന് ട്രൂഡോ എക്സില്‍ കുറിച്ചു. ഹിന്ദു വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും പവിത്രവുമായ ആഘോഷങ്ങളിലൊന്നാണ് നവരാത്രിയെന്ന് ഔദ്യോഗിക പ്രസ്താവനയില്‍ കനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞു.
ഒന്‍പത് ദിവസം നീണ്ടുനില്‍ക്കുന്ന നവരാത്രി ആഘോഷങ്ങള്‍ക്ക് ഒക്ടോബര്‍ 15 ഞായറാഴ്ച ആരംഭിച്ചു. മഹിഷാസുരനെതിരെ ദുര്‍ഗ്ഗാ ദേവിയുടെ വിജയത്തോടൊപ്പം തിന്മയുടെ മേല്‍ നന്മയുടെ വിജയത്തെയും അനുസ്മരിക്കുന്ന ആഘോഷമാണ് നവരാത്രി. സ്ത്രീശക്തിയുടെ ആഘോഷമായും ഇതറിയപ്പെടുന്നു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഒത്തുചേര്‍ന്ന് പ്രാര്‍ത്ഥനകള്‍, ആഹ്ലാദകരമായ നിമിഷങ്ങള്‍, പ്രത്യേക ഭക്ഷണങ്ങള്‍, കരിമരുന്ന് പ്രയോഗങ്ങള്‍ എന്നിവയിലൂടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യങ്ങളെ ബഹുമാനിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന സമയമാണിത്,’ പ്രസ്താവനയില്‍ പറയുന്നു.
‘എല്ലാ കനേഡിയന്‍മാര്‍ക്കും, ഹിന്ദു സമൂഹത്തിന്റെ സമ്പന്നമായ ചരിത്രത്തെയും സംസ്‌കാരത്തെയും കുറിച്ച് കൂടുതലറിയാനും കാനഡയുടെ സാമൂഹിക, സാംസ്‌കാരിക, സാമ്പത്തിക ഘടനയില്‍ അവര്‍ നല്‍കിയ അമൂല്യമായ സംഭാവനകളെ തിരിച്ചറിയാനും നവരാത്രി അവസരമൊരുക്കുന്നു. വൈവിധ്യമാണ് കാനഡയുടെ ഏറ്റവും വലിയ ശക്തിയെന്ന് ഇന്നത്തെ ആഘോഷങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു’ എന്നും പ്രസ്താവനയില്‍ ട്രൂഡോ കൂട്ടിച്ചേര്‍ത്തു.